air-india

തിരുവനന്തപുരം : വന്ദേഭാരത് മിഷന്റെ ഭാഗമായി ദമാമിൽ നിന്നും ദുബായിൽ നിന്നുമുള്ള വിമാനങ്ങൾ കേരളത്തിലെത്തി..ദമ്മാമില്‍ നിന്നുള്ള 174 യാത്രക്കാരുമായി വിമാനം നെടുമ്പാശേരി വിമാനത്തിലാണ് ഇറങ്ങിയത്. ഗർഭിണികൾ, രോഗികൾ, ഫൈനൽ എക്സിറ്റിൽ പോകുന്നവർ, വിസ കാലാവധി കഴിഞ്ഞവർ തുടങ്ങിയവരാണ് ഇന്ന് നാട്ടിലേക്ക് മടങ്ങിയത്.

ദുബായില്‍ നിന്ന് പ്രവാസികളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ബോയിംഗ് 737 വിമാനം കണ്ണൂരിലുമെത്തി. 109 പേർ കണ്ണൂർ സ്വദേശികളും 47 പേർ കാസർകോട് സ്വദേശികളുമാണ്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലക്കാരാണ് ബാക്കിയുള്ളവർ. 20 ഗർഭിണികളും അഞ്ച് കുട്ടികളും അടിയന്തര ചികിത്സ ആവശ്യമുള്ള 41 പേരും സംഘത്തിലുണ്ട്.

നാളെ ജിദ്ദയിൽ നിന്ന് കോഴിക്കേട്ടേക്കും 14 ന് കൊച്ചിയിലേക്കും എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ മലയാളികളെ നാട്ടിലെത്തിക്കും. അതേസമയം, നേരത്തെ റദ്ദാക്കിയിരുന്ന ദോഹ-തിരുവനന്തപുരം വിമാനം ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തും. 181 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക.