modi

ന്യൂഡൽഹി: 20 ലക്ഷം കോടിയുടെ 'ആത്മനിർഭർ ഭാരത് അഭിയാൻ' പാക്കേജിന്റെ കാര്യം പ്രഖ്യാപിക്കാനും രാജ്യത്തെ ലോക്ക്ഡൗൺ സാഹചര്യം വിശദീകരിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് തൊട്ടുമുൻപ് പോലും അദ്ദേഹത്തിന്റെ ജനപിന്തുണയിൽ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല എന്ന് കണക്കുകൾ. കഴിഞ്ഞ മാസം തൊട്ട് പ്രധാനമന്ത്രി മോദിയുടെ ജനപിന്തുണ 90 ശതമാനത്തിന് മേലെയാണെന്ന് അഭിപ്രായ സർവേ സൈറ്റായ 'സി - വോട്ടറി'നെ ഉദ്ധരിച്ചുകൊണ്ട് ഓൺലൈൻ വാർത്താ മാദ്ധ്യമം 'ദ ക്വിന്റ്' റിപ്പോർട്ട് ചെയ്യുന്നു.

92.8 ശതമാനം പേരാണ് മോദി കൊവിഡ് രോഗപ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന് സർവേയിൽ അഭിപ്രായപ്പെട്ടത്. അതേസമയം 5.8 ശതമാനം പേർ പ്രധാനമന്ത്രി രോഗപ്രതിരോധത്തിൽ നല്ല പ്രവർത്തനമല്ല കാഴ്ചവയ്ക്കുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് ലോക്ക്ഡൗൺ നിലവിൽ വന്ന മാർച്ച് 22 മുതലാണ് രാജ്യത്ത് പ്രധാനമന്ത്രിയുടെ ജനപ്രീതിയിൽ കാര്യമായ വർദ്ധനവുണ്ടായതെന്നും മാദ്ധ്യമം പറയുന്നു.

32.1 ശതമാനത്തിന്റെ വർദ്ധനവാണ് മാർച്ച് 22 മുതൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഭീമമായ വർദ്ധനവ് ഉണ്ടായിട്ടും, കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയുടെ സാഹചര്യത്തിലും പ്രധാനമന്ത്രിയുടെ പ്രശസ്തി ജനങ്ങൾക്കിടയിൽ ഉയരുകയാണെന്നാണ് വാർത്താ മാദ്ധ്യമം അഭിപ്രായപ്പെടുന്നത്. എന്നാൽ സി - വോട്ടറിന്റെ സർവേയിൽ പങ്കെടുത്ത 44.1 ശതമാനം പേരും തങ്ങൾക്കോ തങ്ങളുടെ കുടുംബാംഗങ്ങൾക്കോ കൊവിഡ് രോഗം വരുമെന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്.