കോഴിക്കോട്: അഞ്ച് പെൺകുട്ടികൾ തന്നെ ശല്യം ചെയ്തുവെന്ന് കാണിച്ച് പൊലീസിന് പരാതി നൽകി എട്ട് വയസുകാരൻ. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പെൺകുട്ടികളെക്കൊണ്ട് വല്ലാത്ത ശല്യമാണ്. അവരെ അറസ്റ്റ് ചെയ്യണം. എട്ട് വയസുകാരൻ ഉമർ ബിനാലിന്റെ പരാതി കണ്ട് ഞെട്ടിയ കസബ സ്റ്റേഷനിലെ പൊലീസുകാർ ഉടൻ തന്നെ സംഭവത്തെ കുറിച്ച് അന്വേഷണവും ആരംഭിച്ചു. എന്നാൽ അൽപ്പം കഴിഞ്ഞപ്പോഴാണ് സംഗതികളുടെ കിടപ്പുവശം ജനമൈത്രി പൊലീസിന് മനസിലായത്.
ബിനാലിന്റെ സഹോദരി ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ സംഘത്തിൽ തന്നെ ഉൾപ്പെടുത്താതത് കൊണ്ടും കളിക്ക് കൂട്ടാത്തതിനാലുമാണ് ബിനാൽ ഒടുവിൽ നീതിക്കായി പൊലീസിനെ സമീപിച്ചത്. ഇതൊന്നും പോരാഞ്ഞ് പെൺകുട്ടികൾ തന്നെ വല്ലാതെ കളിയാക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ബിനാൽ താനനുഭവിച്ച 'നീതികേടി'ന്റെ രൂക്ഷത പൊലീസിനോട് വിശദമാക്കുകയും ചെയ്തു. അയൽവീടുകളിലെല്ലാം പെൺകുട്ടികളായതുകൊണ്ട് ആൺകുട്ടികൾ ബിനാലിന് കൂട്ടായി ഇല്ല. ലോക്ക്ഡൗൺ ആയതുകൊണ്ട് മറ്റ് കൂട്ടുകാരെ കിട്ടാനുമില്ല.
താൻ ആൺകുട്ടിയായത് കൊണ്ട് പെൺകുട്ടികളുടെ കൂട്ടത്തിൽ കൂടണ്ട എന്നവർ പറഞ്ഞതായും ഉമർ ബിനാൽ പറയുന്നു. 'ഞാൻ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോൾ ഓര് ന്നെ കളിയാക്കി. പൊലീസിനെ പേടിയില്ലാന്ന് പറഞ്ഞു.' ബിനാൽ കാര്യങ്ങളുടെ സ്ഥിതിവിശേഷം വ്യക്തമാക്കി. ഒടുവിൽ ഈ 'കൊടും നീതികേട്' പൊറുക്കാൻ കഴിയാതെ ഉടൻ തന്നെ കസബ പൊലീസ് ആക്ഷനെടുക്കുകയായിരുന്നു.
പൊലീസുകാർ എത്തിയതോടെ പെൺപട പേടിച്ചുവെന്നും ഇപ്പോൾ കളിക്കാൻ കൂട്ടാൻ തുടങ്ങിയെന്നും ബിനാൽ തനിക്ക് നീതി ലഭിച്ച ആശ്വാസത്തിൽ പറയുകയാണിപ്പോൾ. കുട്ടികൾക്ക് പോലും പരാതിയുമായി പൊലീസിനെ സമീപിക്കാം എന്നതിന്റെ ലക്ഷണമായാണ് താൻ ഈ സംഭവത്തെ കാണുന്നതെന്നാണ് കസബ സി.ഐ ബിനു തോമസ് പ്രതികരിച്ചു. ഏതായാലും പരാതി രമ്യമായി പരിഹരിച്ചതോടെ ബിനാലും ഹാപ്പി. പൊലീസും ഹാപ്പി.