india

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,293 ആയി. 24 മണിക്കൂറിനിടെ 122 പേരാണ് മരിച്ചത്. രാജ്യത്ത് ആദ്യമായാണ് കൊവിഡ് ബാധിച്ച് ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 3525 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74281 ആയി. ഇതില്‍ 47480 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 24386 പേര്‍ക്ക് രോഗം ഭേദമായി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം 2415 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

രാജ്യത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 1026 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 24427 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 921 പേര്‍ മരിച്ചു. ഇതില്‍ 53 മരണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്. 5125 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.

ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 15000ത്തോളം രോഗികളും മുംബയില്‍ നിന്നാണ്‌. പകുതിയിലേറെ മരണവും മുംബയിലാണ്‌. തമിഴ്‌നാട്ടില്‍ പുതുതായി 716 പേര്‍ക്കും രോഗം പിടിപെട്ടു. ഇതില്‍ 510 പേരും ചെന്നൈയിലാണ്. മരണസംഖ്യ ഉയരുന്നതാണ് തമിഴ്നാടിന് മുന്നിലെ ഇപ്പോഴത്തെ വെല്ലുവിളി.