ഗുരുവിന്റെ സ്ഥാനത്താണ് എന്നും ശശിയേട്ടൻ. ആ സ്ഥാനം എന്നും
എന്റെ മനസിലുണ്ട്. ശശിയേട്ടനില്ലാതെ ഞാനില്ല-അഭിനയരംഗത്ത്
നാലുപതിറ്റാണ്ട് പിന്നിടുന്ന സീമ മനസു തുറക്കുന്നു........
ചെന്നൈ നഗരമാകുന്നതിന് മുൻപത്തെ മദിരാശി. പുരസവാക്കത്തെ ഒരു കുഞ്ഞ് വീട്ടിൽ ഒരു അമ്മയും മകളും താമസം തുടങ്ങി.ഏഴു വയസുവരെ കുട്ടിക്കൂറ പൗഡറിന്റെ മണം അവളുടെ മുഖത്ത് പറ്റി കിടന്നു.അതുവരെ രാജകുമാരിയായി ജീവിച്ച അവളുടെ പേര് ശാന്തി.അമ്മയായിരുന്നു അവൾക്ക് എല്ലാം. ഒരു ദിവസം രാവിലെ അമ്മയെയും തന്നെയും ഉപേക്ഷിച്ച് പോയ അച്ഛനെ മകൾ ശത്രുവായി കണ്ടു. അമ്മയുടെ കഷ്ടപ്പാട് കണ്ടു വളർന്ന മകൾ നൃത്തം പഠിച്ചു.അതു നാളെ രണ്ടു നേരം ചോറ് തരുമെന്ന് അവൾക്ക് അറിയാമായിരുന്നു. അര നൂറ്റാണ്ട് പിന്നിട്ട് ഒാടുകയാണ് ശാന്തിയുടെ ബാല്യകാലജീവിതം . സീമ എന്ന നക്ഷത്രമായി ശാന്തി മെല്ലെ തിളങ്ങാൻ തുടങ്ങി. ശേഷം കഥ സംഭവബഹുലമെന്ന് പ്രേക്ഷകർക്ക് അറിയാം.വെള്ളിത്തിരയ്ക്കിപ്പുറം ഇതാ ഇവിടെ വരെ എത്തിയ ജീവിത കഥ സീമ പറഞ്ഞു തുടങ്ങി.
''ജീവിതത്തിൽ അഞ്ചു രൂപയുടെ വില അറിഞ്ഞിട്ടുണ്ട്.കൈയിൽ പണമില്ലാത്തതിന്റെ വിലയും അറിഞ്ഞു. അച്ഛന്റെ മോളായിരുന്നെങ്കിൽ ശാന്തി ഒരു പക്ഷേ സീമയാവില്ലായിരുന്നു.അമ്മയെയും എന്നെയും ഉപേക്ഷിച്ച് അച്ഛൻ പോയതിന്റെ കാരണം ഇപ്പോഴും അറിയില്ല. അച്ഛനും അമ്മയും നിയമപരായി വേർപിരിഞ്ഞു. ആഴ്ചയിലൊരു പ്രാവശ്യം അച്ഛനെ കാണുമായിരുന്നു. പതിനെട്ടു വയസായപ്പോൾ അച്ഛൻ എന്നെ കൂട്ടിക്കൊണ്ടു പോകാൻ വന്നു.അമ്മയെ ഉപേക്ഷിച്ച് ഞാൻ പോയില്ല.ഒരു പെൺകുട്ടിക്ക് വേണ്ട ബാല്യകാല ആവശ്യങ്ങളൊന്നും അച്ഛൻ നിറവേറ്റിയില്ല.ജീവിതത്തിലെ ഞങ്ങളുടെ ഏക സഹായ ഹസ്തമായിരുന്നു അച്ഛൻ. ഒരു ദിവസം അച്ഛനെ കാണാൻ അമ്മയും ഞാനും പോയി.'ആരാ നിങ്ങളെന്നു" അച്ഛൻ ചോദിച്ചു.അതു കേട്ട് ഞങ്ങൾ ഇറങ്ങി.അന്ന് കരയാൻ തുടങ്ങിയതാണ് അമ്മ. അമ്മയെ ഉപേക്ഷിച്ച് കുറേ കഴിഞ്ഞാണ് അച്ഛൻ വേറെ വിവാഹം കഴിച്ചത്. എനിക്ക് മൂന്ന് സഹോദരങ്ങളുണ്ടായി.അച്ഛൻ ചെയ്ത തെറ്റ് പൊറുക്കാമെന്നും നിങ്ങളുടെ ഭാര്യയെ നോക്കാമെന്നും പിന്നീട് ഞാൻ പറഞ്ഞു. അച്ഛനോടുള്ള വെറുപ്പ് ആ സമയത്ത് ഇല്ലാതായി. അച്ഛന് പകരമാവില്ല ഒന്നും.അതിനാൽ എന്റെ മക്കൾക്ക് നല്ല അച്ഛനെ തന്നെ കിട്ടണമെന്ന് ആഗ്രഹിച്ചു.ശശിയേട്ടൻ അവർക്ക് നല്ല അച്ഛനായി" സീമ പറഞ്ഞു"". അടുത്തിടെയാണ് അമ്മ സീമയെ വിട്ടുപോയത് .ഞാൻ ഒരു ചെറിയ ചട്ടമ്പിയായിരുന്നു. പതിനെട്ട് വയസുവരെ അമ്മയുടെ തല്ല് കിട്ടിയിട്ടുണ്ട്. ആണുങ്ങളെ ബഹുമാനിക്കണമെന്നും എന്നാൽ പേടിക്കരുതെന്നും അമ്മ പഠിപ്പിച്ചു.
ശശിയേട്ടനെ വിവാഹം കഴിക്കരുതെന്ന് അച്ഛൻ പറഞ്ഞു. ആ വിവാഹത്തിന് അച്ഛൻ വരില്ലെന്നും പറഞ്ഞു. അച്ഛൻ വരേണ്ടെന്നും ശശിയേട്ടനെ വിവാഹം കഴിക്കുമെന്നും ഞാൻ.അച്ഛന്റെ സാന്നിദ്ധ്യമില്ലാതെയായിരുന്നു വിവാഹം. അച്ഛൻ ഗുരുതരാവസ്ഥയിലായപ്പോൾ അമ്മയെ കൂട്ടി അച്ഛനെ കാണാൻ പോയി. മൂന്നു ദിവസം കഴിഞ്ഞപ്പോൾ അച്ഛനെ വീണ്ടും കാണാൻ അമ്മ പറഞ്ഞു. ആ സമയത്ത് അച്ഛൻ കോമ സ് റ്റേജിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ അച്ഛന് അരികിലിരുന്നു.അത്രയും വർഷം അച്ഛനോട് സംസാരിക്കാൻ കരുതിവച്ചതെല്ലാം പറഞ്ഞു. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളിലൊന്നായിരുന്നു അത്. അച്ഛൻ എല്ലാം കേട്ടിട്ടുണ്ടാവും. അന്ന് ഉച്ചയ്ക്ക് അച്ഛൻ മരിച്ചു. കഷ്ടപ്പാടിനെ നേരിടാൻ ദൈവം എനിക്ക് നേരത്തെ തന്നെ ശക്തി തന്നു.നാളെ എന്തായിത്തീരുമെന്ന് ചിന്ത അന്നും ഇന്നുമില്ല.ജീവിതത്തിൽ ഒരുപാട് നന്ദിയുണ്ട് ശശിയേട്ടനോട്. എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കില്ലെന്നും വലിയ നടിയായി മാറ്റുമെന്നും ശശിയേട്ടൻ പറഞ്ഞു. ഒരുപാട് പെണ്ണ് കണ്ടിട്ടുണ്ട് ശശിയേട്ടൻ.ലൊക്കേഷനിൽനിന്നുപോലും പെണ്ണ് കാണാൻ പോവുന്നത് കണ്ടിട്ടുണ്ട്. നിന്നെ ഞാൻ വിവാഹം കഴിക്കുമെന്ന് ഒരു ദിവസം ശശിയേട്ടൻ പറഞ്ഞു. ഞാൻ എന്ത് ചെയ്താലും നീ ഒന്നും ചോദിക്കരുതെന്നും ശശിയേട്ടൻ ഒാർമ്മപ്പെടുത്തി.അതു സ്വീകാര്യമല്ലെന്ന് ഞാൻ പറഞ്ഞു.അടുത്ത ദിവസം ശശിയേട്ടന് പനി പിടിപ്പെട്ടു. അപ്പോൾ ഞാൻ ശശിയേട്ടനെ വിളിച്ചു സംസാരിച്ചു. ആ സമയത്ത് ഒരു ജ്യോത്സ്യന്റെ അടുത്ത് അമ്മ എന്റെ ജാതകം നോക്കി. സെപ്തംബറിനകം വിവാഹം നടത്തണമെന്നും അല്ലെങ്കിൽ മൂന്നു വർഷം കഴിഞ്ഞേ ഉണ്ടാകുവെന്നും ജ്യോത്സ്യൻ പറഞ്ഞു. അടുത്ത ദിവസം രാവിലെ ഞാൻ നേരേ ശശിയേട്ടന്റെ വീട്ടിൽ പോയി. എന്നെ കെട്ടുന്നുണ്ടെങ്കിൽ കെട്ടാൻ പറഞ്ഞു. ശശിയേട്ടൻ ഒന്നും പറഞ്ഞില്ല.
1980 ആഗസ്റ്റ് 28നായിരുന്നു വിവാഹം. ക്ഷണക്കത്തില്ലാതെ വിവാഹം. പിറ്റേ ദിവസം ആർ.എസ്. പ്രഭുവിന്റെ സിനിമയുടെ ഷൂട്ടിംഗിന് ഞാൻ തിരുവനന്തപുരത്ത് പോയി. വിവാഹം കഴിക്കുമ്പോൾ ഞങ്ങൾ കടുത്ത പ്രണയത്തിലായിരുന്നു. അച്ഛന്റെ സാന്നിദ്ധ്യമില്ലാതെ വിവാഹം നടന്നപ്പോൾ ഞാൻ തീരുമാനിച്ചു എനിക്ക് ഒരു മകൾ ജനിച്ചാൽ അച്ഛന്റെ സാന്നിദ്ധ്യത്തിൽ അവളുടെ വിവാഹം നടത്തുമെന്ന്. ഞാൻ നല്ല വാശിക്കാരിയാണ് . ശശിയേട്ടന്റെ സാന്നിദ്ധ്യത്തിൽത്തന്നെ അനുവിന്റെ വിവാഹം നടന്നു.ശശിയേട്ടന് സിനിമയാണ് ആദ്യ ഭാര്യ. ഞാൻ രണ്ടാം ഭാര്യയാണ്.ശശിയേട്ടൻ എന്ന സംവിധായകൻ പ്രതിഭാസമായിരുന്നു. അതേപോലെ ഒരു സംവിധായകൻ ഇന്ന് സിനിമയിലില്ല.അഭിനയിക്കാൻ എനിക്ക് കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത് ശശിയേട്ടനാണ്. ദൈവവും ശശിയേട്ടനും തന്ന കഴിവാണ് പിന്നീട് ഉണ്ടായ സിനിമകളിൽ ഞാൻ കാഴ്ചവച്ചത്. ഗുരുവിന്റെ സ്ഥാനത്താണ് എന്നും ശശിയേട്ടൻ. ആ സ്ഥാനം എന്നും എന്റെ മനസിലുണ്ട്. ശശിയേട്ടനില്ലാതെ ഞാനില്ല.
അവളുടെ രാവുകളിലെ രാജി എന്ന പെൺകുട്ടി നാല്പതുവയസ് കടന്ന് യാത്ര തുടരുകയാണ്. ആളുകൾ അവളെപ്പറ്റി ഇപ്പോഴും സംസാരിക്കുന്നു. '' സിനിമയിൽ അഭിനയിക്കാൻ തീരെ ആഗ്രഹിച്ചില്ല. നൃത്തം മാത്രം സ്വപ്നം കണ്ടു.അവളുടെ രാവുകൾ വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചില്ല. ശാന്തിയെ നായികയാക്കാൻ ശശിക്ക് വട്ടുണ്ടോ എന്നു ചോദിക്കുന്നത് ആ സിനിമയുടെ ലൊക്കേഷനിൽ ഞാൻ കേട്ടു. ചെയ്യുന്ന കാര്യത്തെപ്പറ്റി ശശിയേട്ടന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.അതാണ് സംഭവിച്ചത്. സന്തോഷം വരുമ്പോൾ രാഗേന്ദു കിരണങ്ങൾ എന്ന ഗാനം മനസിൽ ഒാടി എത്തും.എന്റെ ഏറ്റവും ഇഷ്ട ഗാനമാണിത്.ഇതേപോലെ ഹൃദയത്തിൽ സൂക്ഷിക്കുന്ന മറ്റൊരു ഗാനമില്ല.എത്ര മനോഹരമായി നീ നൃത്തം ചെയ്യുന്നെന്നും നിന്നെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണെന്നും ആ ഗാനം ചിത്രീകരിക്കുമ്പോൾ ശശിയേട്ടൻ പറഞ്ഞു."
.