അബുദാബി:- യുഎഇയിലെ ഒരു ദ്വീപിൽ നിർമ്മാണപ്രവർത്തനങ്ങൾക്കായി പോയ നൂറുകണക്കിന് ഇന്ത്യക്കാർ അവിടെ കുടുങ്ങി. അൽ ഐനിലും റുവായിസിലുമായാണ് ഇപ്പോൾ ഇവരെ പാർപ്പിച്ചിരിക്കുന്നത്. കേരളം, ഉത്തർപ്രദേശ്, ബീഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 350ഓളം പേർക്കാർ ഈ ദുർഗതി.
കഴിഞ്ഞ മാർച്ചിൽ ഇവർ ജോലി ചെയ്തിരുന്നയിടത്തെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചു. അന്ന് ലഭിച്ച ശമ്പളം മുഴുവൻ അവർ നാട്ടിലേക്ക് അയക്കുകയും ചെയ്തു. തുടർന്ന് മാർച്ച് 29ന് യു.എ.ഇയിൽ നിന്ന് മടങ്ങാനിരുന്നതാണെങ്കിലും അതിന് സാധിച്ചില്ല.
ഇതോടെ ദുരിതത്തിലായ ഇവർ ഇപ്പോൾ ആശ നശിച്ച അവസ്ഥയിലാണ്. സുഖമില്ലാത്ത അടുത്ത ബന്ധുക്കളെ കാണേണ്ടവരും, മറ്റ് ഉത്തരവാദിത്വമുള്ളവരും പുറത്തേക്ക് കടക്കാനാവാതെ ഇക്കൂട്ടത്തിലുണ്ട്. ദിവസവും രണ്ട് മണിക്കൂർ സമയം ഇവരെ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ വൈകുന്നേരങ്ങളിൽ അനുവദിക്കുമെങ്കിലും പണമില്ലാത്തതിനാൽ അത് നടക്കുന്നില്ല. ദിവസവും ഒരാൾ വീതമെങ്കിലും ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രിയിൽ അഡ്മിറ്റ് ആകുകയാണ്. വിമാനത്തിലോ കപ്പലിലോ തിരികെ നാട്ടിലെത്തിക്കണമെന്ന് ഇവർ അധികൃതരോട് അഭ്യർത്ഥിക്കുകയാണ്. ഇവരിൽ മിക്കവരും തിരികെവരാൻ ഇന്ത്യൻമിഷന്റെ ഓൺലൈൻ പോർട്ടലിൽ രജിസ്ട്രർ ചെയ്ത് കാത്തിരിക്കുകയാണ്.