ഇത്തിരി മണ്ണിലാണെങ്കിലും സ്വന്തമായി പച്ചക്കറി കൃഷി ചെയ്യാൻ പരിശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. അങ്ങനെയെങ്കിൽ നമുക്ക് മനോഹരമായ അടുക്കളത്തോട്ടവും ഇങ്ങനെ തയ്യാറാക്കാൻ സാധിക്കുന്നു. സ്വന്തം അടുക്കളയിലേക്കാവശ്യമായ കുറച്ച് പച്ചക്കറിയെങ്കിലും നമ്മൾ കൃഷി ചെയ്താൽ മായമില്ലാത്ത പച്ചക്കറികൾ നമുക്ക് കഴിക്കാൻ സാധിക്കുന്നു. അങ്ങനെ കൃഷി ചെയ്യുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാാണ് വെളുത്തുള്ളി. പരിപാലനമാണ് വെളുത്തുള്ളി കൃഷിയുടെ അടിസ്ഥാനം.
ശൈത്യകാലം വെളുത്തുള്ളി കൃഷിക്ക് യോജ്യമായതല്ല. മണ്ണ് ഉണങ്ങിക്കിടക്കുന്ന സമയമാണ് അനുയോജ്യം. മറ്റു കാലാവസ്ഥകളിൾ വെളുത്തുള്ളി കൃഷി ചെയ്യുന്നത് ഫലപ്രദമാകില്ല. വെളുത്തുള്ളി വളരുന്നതിന് നല്ല സൂര്യപ്രകാശം ആവശ്യമാണ്. അമിതമായി ഈർപ്പം നിൽക്കാത്ത മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഏറെ അനുയോജ്യമാണ്. കളിമണ്ണ് നിറഞ്ഞ പ്രതലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല. കംപോസ്റ്റ് മിശ്രിതം അനുയോജ്യമായ അളവിൽ പാകപ്പെടുത്തി വേണം മണ്ണൊരുക്കാൻ. വളം വളരെയേറെ ആവശ്യമായ ഒന്നാണ് വെളുത്തുള്ളിക്ക്.
കൃഷി തുടങ്ങുന്നതിന് മുമ്പായി അനുയോജ്യമായ നല്ലയിനം വെളുത്തുള്ളി തെരഞ്ഞെടുക്കുക. വലിയ അല്ലികളുള്ള വാടലും കേടുമൊന്നും ഇല്ലാത്ത വെളുത്തുള്ളി വേണം നടാനുപയോഗിക്കേണ്ടത്. ചെറിയ രീതിയിൽ മുളകൾ വന്ന വെളുത്തുള്ളി ആണെങ്കിൽ ഏറ്റവും അനുയോജ്യമായിരിക്കും. മുളകൾവന്ന ഓരോ അല്ലിയും വെളുത്തുള്ളിയിൽനിന്നും ശ്രദ്ധയോടെ വേർപെടുത്തി പ്രത്യേകം നടാവുന്നതാണ്. മൃദുലമയ അറ്റമുള്ളവ തണുത്ത പ്രതലങ്ങളിൽ നന്നായി വളരാറില്ല, മുരടിപ്പ് കണ്ട് വരാറുണ്ട്. കടുപ്പമുള്ളവ ഏത് കാലാവസ്ഥയിലും വളരും, തണുത്ത അന്തരീക്ഷത്തിൽ പോലും ഇവ വളരുന്നു.
മണ്ണിൽ തണുപ്പ് അധികരിക്കുന്നതിന് മുമ്പ് വെളുത്തുള്ളി നടണം. വേഗത്തിൽ വേര് പിടിക്കാൻ ഇത് സഹായിക്കുന്നു. ചെടിയിൽ പച്ചനിറത്തിലുള്ള മുള കാണുന്നത് നല്ലതാണ്.
കൃഷി ചെയ്യുന്ന സ്ഥലത്തെ മണ്ണ് ഇളക്കിയിട്ട ശേഷം മുള മുകളിൽ വരുന്ന തരത്തിൽ 5 സെന്റിമീറ്റർ ആഴത്തിൽ വേണം വെളുത്തുള്ളി നടാൻ. ഓരോ അല്ലിയും 8 - 10 ഇഞ്ച് ഇടവിട്ടു നട്ടാൽ നല്ല രീതിയിൽ വിളവുകിട്ടും. മുളപൊട്ടി നല്ല രീതിയിൽ ഇലകൾ വെളിയിൽവരുന്നത് വരെ കരിയിലകളോ വയ്‌ക്കോലോ കൊണ്ട് തണൽകൊടുക്കുന്നത് നല്ലതാണ്. പതിവായി ശ്രദ്ധ നൽകുകയും വെള്ളവും വളവും ആവശ്യത്തിന് നൽകുകയും വേണം. മീൻ കുഴമ്പും, കടൽച്ചെടി മിശ്രിതവും ഇതിന് ഉപയോഗിക്കാം. അധികം വെള്ളം വെളുത്തുള്ളിക്ക് ആവശ്യമില്ലെങ്കിലും ആവശ്യത്തിന് വെള്ളം ലഭ്യമാക്കണം. നല്ലരീതിയിൽ വളർന്നുകഴിഞ്ഞാൽ പിന്നീട് വെള്ളത്തിന്റെ ആവശ്യമില്ല, നനവുണ്ടെങ്കിൽ വെളുത്തുള്ളി പാകമായിവിളയില്ല.
അഞ്ചോ ആറോ ഇല വന്നാൽ നീളമുള്ള ഇലകൾ നോക്കി കറികളും സാലഡുകളും ഉണ്ടാക്കാൻ ഉപയോഗിക്കാം. ഇലകളുടെ നിറം മാറിത്തുടങ്ങുമ്പോൾ വെളുത്തുള്ളി വിളവെടുക്കാവുന്നതാണ്. കുഴിച്ചെടുത്ത വെളുത്തുള്ളി ഇലയടക്കം കെട്ടുകളാക്കി രണ്ടാഴ്ചയോളം തൂക്കിയിടുക.മൂന്ന് മുതൽ നാല് മാസം വരെയുള്ള കാലയളവിനുള്ളിൽ വെളുത്തുള്ളി കൃഷിയിൽ നിന്ന് വിളവ് എടുക്കാവുനാനതാണ്. ഇത് തന്നെയാണ് വെളുത്തുള്ളി കൃഷിയുടെ ഗുണവും. കുറഞ്ഞ സമയത്തിനുള്ളിൽ വെളുത്തുള്ളി വിളവെടുക്കാം.
ഉള്ളിയെ പോലെ തന്നെ അല്ലിസിൻ കുടുംബത്തിൽ പെട്ടതാണു വെളുത്തുള്ളിയും . വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിനാണ് വെളുത്തുള്ളിക്ക് ഇത്ര ഗുണങ്ങൾ നൽകുന്നതിൽ പ്രധാനി. പ്രതിരോധ ശക്തിയടക്കം വർധിപ്പിക്കാൻ കഴിവുള്ള ഒന്നാണ് വെളുത്തുള്ളി. ഹൃദ്രോഗവും പക്ഷാഘാതവും വരാതെ തടയുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കാനും ദഹനം സുഗമമാക്കാനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വെളുത്തുള്ളി ഒരു മാതിരിപ്പെട്ട രോഗങ്ങളെ തടഞ്ഞ് ആരോഗ്യത്തെ കാത്ത് സംരക്ഷിക്കുന്നത് .