സേമിയ പായസം, അരി പായസം, ശർക്കര പായസം അങ്ങനെ നിരവധി പായസം നമ്മൾ കഴിച്ചിട്ടുമുണ്ട് പരീക്ഷിച്ചിട്ടുമുണ്ട്. ജീവിതത്തിൽ എന്നും പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്ന നമുക്ക് എന്തുക്കൊണ്ട് ഇത്തവണ ബീറ്റ്റൂട്ട് പായസം പരീക്ഷിച്ച് നോക്കിക്കൂടെ ? ബീറ്റ്റൂട്ട് പായസം ഉണ്ടാക്കാൻ ഇതാ ഒരു എളുപ്പ മാർഗ്ഗം.
ബീറ്റ്റൂട്ട് - 2 എണ്ണം (ഇടത്തരം)
ഈന്തപ്പഴം - 5 എണ്ണം (കുരു കളഞ്ഞത്)
നെയ്യ് - ആവശ്യത്തിന് പഞ്ചസാര - 1/2 കപ്പ് (ആവശ്യത്തിന് )
ശർക്കര ഉരുക്കിയത് - 1 കപ്പ്
കണ്ടെൻസ്ഡ് മിൽക്ക് - 1/2 കപ്പ്
പാൽ - 1 കപ്പ്
കശുവണ്ടി, മുന്തിരി - നെയ്യിൽ വറുത്തത് ഏലക്ക പൊടിച്ചതു - 1 ടീസ്പൂൺ
ബീറ്റ്റൂട്ട് നന്നായി ഗ്രേറ്റ് ചെയ്ത് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക.ഇതിലേക്ക് കുരു കളഞ്ഞ് വെച്ചിരിക്കുന്ന ഈന്തപ്പഴം കൂടി ചേർത്ത് നന്നായി വേവിക്കുക. നന്നായി വെന്ത ശേഷം ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് നെയ്യ് ഒഴിച്ച് ചൂടായ ശേഷം അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്ത് നന്നായി ഇളക്കുക. നെയ്യിൽ ബീറ്റ്റൂട്ട് നന്നായി വഴറ്റിയെടുത്ത ശേഷം പഞ്ചസാര ചേർത്ത് കൊടുക്കണം. നന്നായി യോജിപ്പിച്ച ശേഷം ശർക്കര ഉരുക്കിയതു ചേർത്ത ശേഷം നന്നായി ഇളക്കി കൊടുക്കണം. അതിന് ശേഷം അതിലേക്ക് പാൽ ഒഴിച്ച് കൊടുക്കുക. ഒന്ന് കുറുകി വരുമ്പോൾ അതിലേക്കു കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് ഇളക്കുക. നല്ലതുപ്പോലെ കുറുകിയ രൂപത്തിലായിരിക്കണം പായസം. ഇതിലേക്ക് വറുത്ത് വെച്ചിരിക്കുന്ന കശുവണ്ടി, മുന്തിരി എന്നിവ ചേർക്കുക ശേഷം ഏലക്ക പൊടി കൂടി ചേർത്ത് കൊടുക്കുക.വളരെ എളുപ്പത്തിൽ ബീറ്റ്റൂട്ട് പായസം തയ്യാറായി കഴിഞ്ഞു.