തൃശൂർ: ധനലക്ഷ്‌മി ബാങ്ക് വായ്‌പാ പലിശയുടെ അടിസ്ഥാന നിരക്ക് നിർണയ മാനദണ്ഡങ്ങളായ എം.സി.എൽ.ആർ, റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്ര് (ആർ.എൽ.എൽ.ആർ) എന്നിവയിൽ കുറവ് വരുത്തി. പുതിയ നിരക്കുകൾ മേയ് അഞ്ചിന് പ്രാബല്യത്തിൽ വന്നു. ഒരുവർഷ കാലാവധിയുള്ള വായ്‌പയുടെ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ) 9.50 ശതമാനത്തിൽ നിന്ന് 0.30 ശതമാനം ഇളവോടെ 9.20 ശതമാനമായാണ് കുറച്ചത്.
മൂന്നു മുതൽ ആറുമാസം വരെ കാലാവധിയുള്ള വായ്‌പകളുടെ എം.സി.എൽ.ആർ 9.60 ശതമാനത്തിൽ നിന്ന് 0.50 ശതമാനം കുറച്ച് 9.10 ശതമാനമാക്കി. റിപ്പോ ലിങ്ക്ഡ് പലിശ നിരക്കിൽ കുറച്ചത് 0.53 ശതമാനമാണ്. ഇതോടെ, പലിശ 7.93 ശതമാനത്തിൽ നിന്ന് കുറഞ്ഞ് 7.40 ശതമാനമായി. കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലും ബാങ്ക് പലിശനിരക്ക് കുറച്ചിരുന്നു. പലിശഭാരം കുറച്ചത് ഭവന, വാഹന വായ്‌പാ ഇടപാടുകാർക്ക് ആശ്വാസമാണ്.