new-car

കൊച്ചി: ലോക്ക്ഡൗണിൽ സ്‌തംഭിച്ച കാർ വിപണിയെ വീണ്ടും ഉണർവിലേക്ക് നയിക്കാനായി, ഓഫറുകളുടെ പെരുമഴ പെയ്യിക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ. പുതിയ വണ്ടി വാങ്ങി, ഒരു വർഷത്തിന് ശേഷം ഇ.എം.ഐ അടച്ചുതുടങ്ങുന്നത് ഉൾപ്പെടെയുള്ള ഓഫറുകളാണ് അവതരിപ്പിക്കുന്നത്.

 ഫോക്‌സ്‌വാഗൻ

വാഹനം വാങ്ങി 12 മാസത്തിന് ശേഷം ഇ.എം.ഐ അടച്ചുതുടങ്ങാവുന്ന ഓഫർ. പോളോ ടി.എസ്.ഐ എഡിഷന്റെ വില കമ്പനി 13,000 രൂപ കുറച്ച്, 7.89 ലക്ഷം രൂപയാക്കിയിട്ടുണ്ട്. വെന്റോയുടെ വില ഒരുലക്ഷം രൂപ താഴ്‌ത്തി, 10.99 ലക്ഷം രൂപയുമാക്കി. ആകെ ആറുതരം ആകർഷക ഫിനാൻസ് ഓഫറുകൾ. ഫോക്‌സ്‌വാഗൻ ഗ്രൂപ്പിന് കീഴിലെ സ്കോഡയും സൂപ്പർബ്, കോഡിയാക്ക് തുടങ്ങിയ മോഡലുകൾക്ക് സമാന ഓഫർ‌ നൽകുന്നു.

 ഹ്യുണ്ടായ്

വാഹനം വാങ്ങി ആദ്യ മൂന്നുമാസം കുറഞ്ഞ ഇ.എം.ഐയും ബാക്കി മൂന്നു-എട്ടുവർഷം കൊണ്ട് അടച്ചുതീർ‌ക്കാവുന്നതുമായ അഞ്ച് ഫിനാൻസ് സ്‌കീമുകൾ. ഹ്യുണ്ടായ് ഡീലർ‌ഷിപ്പുകൾ 10,000-40,000 രൂപയുടെ കാഷ് ഡിസ്ഡകൗണ്ടും സാൻട്രോ, ഗ്രാൻഡ് ഐ10 നിയോസ്, എലൈറ്ര് ഐ20, എലാൻട്ര മോഡലുകൾക്ക് 40,000 രൂപവരെ എക്‌സ്‌ചേഞ്ച് ബോണസും നൽകുന്നു.

 റെനോ

ഈമാസം വാങ്ങുന്ന പുതിയ കാറുകൾക്ക് മൂന്നുമാസത്തിന് ശേഷം ഇ.എം.ഐ അടയ്ക്കാം. ഷോറൂമുകളിലും റെനോ വൈബ്‌സൈറ്ര്, റെനോ ആപ്പ് എന്നിവ വഴിയും ഓഫർ നേടാം. 650 മുതൽ 1,600 രൂപവരെയുള്ള സിംഗിൾ പ്രീമിയം ഇൻഷ്വറൻസ് കവറേജും വാദ്‌ഗാനം.

കൊവിഡ്-19 പോലെയുള്ള രോഗമോ തൊഴിൽ നഷ്‌ടമോ അപകട മരണമോ സ്ഥിര വൈകല്യമോ ആശുപത്രി വാസമോ ഉണ്ടായാൽ ഈ ഇൻഷ്വറൻസ് ആശ്വാസമാകും. കാഷ് ഓഫർ, എക്‌സ്‌ചേഞ്ച് ഓഫർ, 8.99 ശതമാനം പലിശയ്ക്ക് ഫിനാൻസ് സ്‌കീം തുടങ്ങിയ ഓഫറുകളുമുണ്ട്.

 ഹോണ്ട

കോംപാംക്‌റ്ര് സെഡാനായ അമേസിന് നാല്, അഞ്ച് വർഷത്തെ എക്‌സ്‌റ്റൻഡഡ് വാറന്റി, എക്‌സ്‌ചേഞ്ചിന് അധിക ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടെ 32,000 രൂപയുടെ ആനുകൂല്യം. മിഡ്-സൈസ് സെഡാനായ സിറ്രിക്ക് 50,000 രൂപയുടെ കാഷ് ഡിസ്കൗണ്ട് ഉൾപ്പെടെ ഒരുലക്ഷം രൂപയുടെ ആനുകൂല്യം.

 മാരുതി സുസുക്കി

വിവിധ മോഡലുകൾക്ക് 10,000 മുതൽ 40,000 രൂപവരെ ഓഫറാണ് മാരുതി സുസുക്കി നൽകുന്നത്. ഹാരിയർ, ടിയാഗോ, ടിഗോർ എന്നീ മോഡലുകൾക്ക് ടാറ്രാ മോട്ടോഴ്‌സ് 25,000-40,000 രൂപവയുടെ ഡിസ്‌കൗണ്ടും വാഗ്‌ദാനം ചെയ്യുന്നു.

''ലോക്ക്ഡൗൺ ഇളവുകൾ, വാഹന വിപണി മുന്നോട്ടുവയ്ക്കുന്ന മികച്ച ഓഫറുകൾ എന്നിവയുടെ കരുത്തിൽ ഓന്നോ രണ്ടോ മാസത്തിനകം വില്പന ട്രെൻഡ് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. നിലവിൽ പുതിയ കാറുകൾക്ക് അന്വേഷണം മുൻപത്തേതിന്റെ 75 ശതമാനം വരെയാണ്. ജൂണോടെ ഇത് 100 ശതമാനം ആയേക്കും",

ജോൺ പോൾ,

ഹെഡ്, പോപ്പുലർ വെഹിക്കിൾസ്