ബീജിംഗ്: രണ്ടാം ഘട്ട കൊവിഡ് വ്യാപന ഭീതിയിലാണ് ചൈന. പ്രഭവകേന്ദ്രമായ വുഹാനിലും മറ്റ് പല പ്രവിശ്യകളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണ നടപടികൾ വീണ്ടും പുനരുജ്ജീവിപ്പിക്കാൻ തയ്യാറെടുക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി വടക്ക് കിഴക്കൻ നഗരമായ ജിലിനിൽ ഭാഗിക ലോക്ഡൗൺ പ്രഖ്യാപിച്ചു. നഗരത്തിൽ പൊതു ഗതാഗതം പൂർണമായും നിരോധിച്ചു. തിയേറ്റുകൾ, ജിമ്മുകൾ, ഇന്റർനെറ്റ് കഫേകൾ അങ്ങനെ എല്ലാ തരത്തിലുമുള്ള വിനോദോപാധികൾക്ക് പൂട്ടു വീണു. പനിയ്ക്കും മറ്റും നൽകുന്ന മരുന്നുകളുടെ കണക്കുകൾ ഫാർമസികൾ സർക്കാരിനെ നിർബന്ധമായും അറിയിക്കണം.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായവർക്കും കർശനമായ സ്വയം ക്വാറന്റൈൻ പൂർത്തിയാക്കിയവർക്കും മാത്രമെ നഗരം വിടാൻ അനുവാദമുള്ളൂ. നാല് ദശലക്ഷമാണ് ജിലിനിലെ ജനസംഖ്യ. ഇതുവരെ ആറ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിലും വ്യാപനത്തിനുള്ള സാദ്ധ്യത മുന്നിലുള്ളത് കൊണ്ടാണ് നടപടികൾ ശക്തമാക്കിയതെന്ന് അധികൃതർ അറിയിച്ചു.
ലോകത്താകെ മരണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു.
രോഗികൾ 43 ലക്ഷം കവിഞ്ഞു.
രോഗം ഭേദമായവർ 16 ലക്ഷം കടന്നു.
അമേരിക്കയിൽ മരണം 83000 കടന്നു. 14 ലക്ഷത്തിലധികം പേർ ചികിത്സയിൽ. രാജ്യത്ത് മരണം ഒരു ലക്ഷത്തിലേക്ക് ഉയരുമെന്നാണ് പുതിയ വിലയിരുത്തൽ. വൈറസ് വ്യാപനം നിയന്ത്രണവിധേയമായിട്ടില്ലെന്നും, ലോക്ഡൗൺ ഇളവുകൾ നൽകുന്നത് കൂടുതൽപേരുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കുമെന്നും യു.എസിലെ ഉന്നത സാംക്രമിക രോഗവിദഗ്ദ്ധൻ ഡോ.ആന്തണി ഫൗച്ചി മുന്നറിയിപ്പ് നൽകി.
ബ്രിട്ടനിൽ മരണം 32000 ഉം രോഗികൾ രണ്ട് ലക്ഷവും കവിഞ്ഞു. ലോക്ഡൗൺ ഇളവുകൾക്കിടയിലും രോഗവ്യാപനവും മരണനിരക്കും ശക്തം.
റഷ്യയിൽ ഇന്നലെ മാത്രം 10000ത്തിലധികം പേർക്ക് രോഗം ബാധിച്ചു. 96 പേർ മരിച്ചു. ആകെ മരണം 2000ഉം രോഗികൾ രണ്ട് ലക്ഷവും കവിഞ്ഞു. ബ്രസീലിൽ പ്രതിദിന മരണം 57. ഇന്നലെ 612 പേർ രോഗബാധിതരായി. ആകെ മരണം 12000 ഉം രോഗികൾ 170000 ഉം കടന്നു. ഇരുരാജ്യങ്ങളിലും മരണനിരക്ക് കുറവാണ്.
ആസ്ട്രിയ, ജർമ്മനി എന്നീ രാജ്യങ്ങൾ ജൂൺ പകുതിയാകുമ്പോൾ അതിർത്തികൾ തുറക്കും.