products

ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച 'ആത്മനിർഭര ഭാരത അഭിയാൻ' പ്രകാരം ഇനിമുതൽ രാജ്യത്ത് നി‌ർമ്മിച്ച വസ്തുക്കൾ മാത്രം വിൽക്കാൻ അർദ്ധസൈനിക ക്യാന്റീനുകൾ തീരുമാനിച്ചു. കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് തകർച്ചയിലായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കരകയറ്റാനാണ് ഈ തീരുമാനം നടപ്പിലാക്കുന്നതിലൂടെയുള്ള സർക്കാരിന്റെ ശ്രമം.

'സ്വയം പര്യാപ്തരാകാനും രാജ്യത്ത് തന്നെ നിർമ്മിച്ച വസ്തുക്കൾ കൂടുതൽ ഉപയോഗിക്കാനും നമ്മോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇത് തീർച്ചയായും ഇന്ത്യയെ ആഗോള നോതൃപദവിയിലേക്ക് നയിക്കും.' ആഭ്യന്തരകാര്യ മന്ത്രി അമിത്ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ഇനിമുതൽ രാജ്യത്തെ കേന്ദ്ര സായുധ പോലീസ് സേനകളുടെ കാന്റീനിൽ ഇനിമുതൽ സ്വദേശി ഉൽപന്നങ്ങളേ വിൽക്കൂ. പത്ത് ലക്ഷം സൈനികരും അവരുടെ 50 ലക്ഷം കുടുംബാംഗങ്ങളും ഇനിമുതൽ സ്വദേശി ഉൽപന്നങ്ങൾ തന്നെ ഉപയോഗിക്കും. അമിത്ഷാ അറിയിച്ചു.

അസ്സാം റൈഫിൾസ്, അതിർത്തി രക്ഷാ സേന(ബിഎസ്എഫ്), കേന്ദ്ര വ്യവസായ സുരക്ഷാ സേന( സിഐഎസ്എഫ്), കേന്ദ്ര റിസർവ്വ് പോലീസ്( സിആർപിഎഫ്),ഇൻ‌ഡോ-ടിബറ്റൻ ബോർഡർ പോലീസ്( ഐടിബിപി), സശസ്ത്ര സീമാ ബൽ(എസ്എസ്ബി) എന്നിവയടങ്ങിയ കേന്ദ്ര സായുധ പോലീസ് സേനകളുടെ കാന്റീനിലൂടെ വർഷം 2800 കോടി രൂപയുടെ വിൽപനയാണ് നടക്കുക.

എല്ലാവരും പിന്നിൽ നിൽക്കാതെ മുന്നിട്ടിറങ്ങി സ്വദേശി ഉൽപന്നങ്ങൾ വാങ്ങണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 10% വരുന്ന 20 ലക്ഷം കോടിയുടെ സാമ്പത്തിക രക്ഷാപാക്കേജ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇന്നലെയാണ്.