covid-19
COVID 19

ദുബായ്: രോഗബാധിതരുടെ എണ്ണം ഖത്തറിൽ 25000ഉം കുവൈത്തിൽ 10000ഉം കടന്നു. യുഎഇയിൽ 783

പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.കുവൈത്തിൽ രോഗബാധിതരാകുന്ന ഇന്ത്യക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. 300 ലധികം ഇന്ത്യാക്കാർക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 10,227 ആയി. ഇതിൽ 3,676 പേരും ഇന്ത്യക്കാരാണ്.

3,101 പേർ രോഗമുക്തി നേടി. സൗദിയിൽ സുഖം പ്രാപിക്കിക്കുന്നവരുടെ എണ്ണം ഓരോദിവസവും ഉയരുന്നതായാണ് റിപ്പോർട്ട്.

നേരിയ ഇളവുമായി ദുബായ്

കൊവിഡിനെ തുടർന്ന് പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളിൽ നേരിയ ഇളവുമായി ദുബായ്. നഗരത്തിന്റെ പ്രധാനഭാഗങ്ങളിലൂടെ ട്രാം ഓടിതുടങ്ങി. ദുബായ് ഫെറി, വാട്ടർ ടാക്സി, അബ്ര എന്നിവയും ഗതാഗതം പുനരാരംഭിച്ചു. അതേസമയം,​ കർശന സുരക്ഷാ നിയന്ത്രണങ്ങൾ പാലിച്ചുമാത്രമാണ് ഇളവുകൾ.

ദുബായിൽ പൊതുഇടങ്ങളിലെ പാർക്കുകൾ നിബന്ധനകളോടെ ഇന്ന് തുറക്കും. അഞ്ചിൽ താഴെ ആളുകൾ മാത്രമേ കൂട്ടംകൂടി ഇരിക്കാൻ പാടുള്ളൂ. വ്യായാമത്തിനും മറ്റ് പരിശീലന കാര്യങ്ങൾക്കും പൊതു ഇടങ്ങളിൽ ഒരേ സമയം 5 പേരെ അനുവദിക്കും. സൈക്ലിംഗ്, വാട്ടർ സ്പോർട്സ്, സ്‌കൈ ഡൈവിംഗ് എന്നിവയ്ക്കും ഇതേ ഉപാധി ബാധകമാണ്. റമദാൻ മാസം കഴിഞ്ഞാൽ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ കൂടുതൽ ഇളവ് അനുവദിക്കും. മാളുകളിൽ നിന്ന് സാധനങ്ങൾ മാറ്റി വാങ്ങുന്നതിനും വസ്ത്രം പാകമാണോയെന്ന് ധരിച്ചു നോക്കാനും അനുമതി നൽകിയിട്ടുണ്ട്. നേരത്തേ ഇതിനൊന്നും അനുമതി ഉണ്ടായിരുന്നില്ല. കർശന സുരക്ഷാ മുൻകരുതൽ എടുത്ത ശേഷമേ ഉപഭോക്താക്കൾക്ക് കടയുടമകൾ ഇതിന് അനുമതി നൽകാൻ പാടുള്ളൂ എന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.