narendra-modi

കൊച്ചി: കൊവിഡും ലോക്ക്ഡൗണും ഏൽപ്പിച്ച സമ്പദ്‌ ആഘാതത്തിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ (ഇന്ത്യൻ ജി.ഡി.പിയുടെ 10 ശതമാനം) രക്ഷാ പാക്കേജിന് കണക്കുകളുടെ ഒട്ടേറെ കൗതുകങ്ങളുണ്ട്.

149 രാജ്യങ്ങൾ

മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പോർച്ചുഗൽ, ഗ്രീസ്, ന്യൂസിലൻഡ്, വിയറ്റ്നാം, റൊമേനിയ തുടങ്ങി 149 രാജ്യങ്ങളുടെ ജി.ഡി.പിയേക്കാൾ വലുതാണ്. പാകിസ്ഥാന്റെ ജി.ഡി.പിക്ക് ഏതാണ്ട് തുല്യവും.

അംബാനിയുടെ

അഞ്ചിരട്ടി

ഇന്ത്യയിലെ ഏറ്റവും വലിയ 10 അതിസമ്പന്നരുടെ മൊത്തം ആസ്‌തി 14,700 കോടി ഡോളറാണ്. ഏകദേശം 11 ലക്ഷം കോടി രൂപ. ഇതിന്റെ 1.8 മടങ്ങാണ് മോദി പാക്കേജിന്റെ മൂല്യം; ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ സ്വത്തിന്റെ അഞ്ചിരട്ടിയും.

റിലയൻസിന്റെ ഇരട്ടി

റിലയൻസ് ഇൻഡസ്ട്രീസാണ് ഇന്ത്യയിലെ ഏറ്രവും മൂല്യമേറിയ ലിസ്‌റ്റഡ് കമ്പനി. കഴിഞ്ഞദിവസം മൂല്യം 10 ലക്ഷം കോടി രൂപ കടന്നിരുന്നു. ഇതിന്റെ ഇരട്ടിയാണ് മോദി പാക്കേജിന്റെ മൂല്യം.

ആഗോള ഭീമന്മാർക്ക് തുല്യം

മൾട്ടി നാഷണൽ കമ്പനികളായ മാസ്‌റ്റർ കാർഡ്, ജെ.പി മോർ‌ഗൻ ചേസ് എന്നിവയുടെ മൂല്യത്തിന് തുല്യമാണ് മോദി പാക്കേജിന്റെ വലുപ്പം. കൊക്ക-കോള, വെരിസോൺ, ഇന്റൽ എന്നിവയുടെ മൂല്യമാകട്ടെ മോദി പാക്കേജിനേക്കാൾ ചെറുതാണ്.

പൊതുമേഖലാ ഓഹരി

വില്പന ലക്ഷ്യത്തിന്റെ പതിന്മടങ്ങ്

പൊതുമേഖലാ ഓഹരി വില്പനയിലൂടെ നടപ്പുവർഷം കേന്ദ്രം ലക്ഷ്യമിടുന്നത് 2.1 ലക്ഷം കോടി രൂപയാണ്. മോദി പാക്കേജിന്റെ മൂല്യം ഇതിന്റെ ഏതാണ്ട് പതിന്മടങ്ങാണ്.

17%

ബോംബെ ഓഹരി സൂചികയായ ബി.എസ്.ഇ സെൻസെക്‌സിന്റെ മൂല്യത്തിന്റെ 17 ശതമാനം വരും മോദി പാക്കേജിന്റെ ഭാരം. ചൊവ്വാഴ്‌ച വ്യാപാരാന്ത്യം സെൻസെക്‌സിന്റെ മൂല്യം 121 ലക്ഷം കോടി രൂപയാണ്.