ഡൽഹി: ലോക്ഡൗൺ കാലത്തെ പ്രതിസന്ധിയിൽ കൂപ്പുകുത്തിയ ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ നേർചിത്രമായി തൊഴിലില്ലായ്മ വർദ്ധിക്കുന്നു. മേയ് 3ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 27.1% ആണ്. ഏറ്റവുമധികം തൊഴിൽ നഷ്ടമായത് ചെറുകിട കച്ചവടക്കാർക്കും ദിവസ വേതനക്കാർക്കുമാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ നിരീക്ഷണ കേന്ദ്രം (CMIE) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
കേന്ദ്ര സ്ഥിതിവിവരകണക്ക് കാര്യാലയം നൽകുന്ന വിവരമനുസരിച്ച് ഫാക്ടറി വരുമാനം ഇക്കാലയളവിൽ 16.7% മാത്രമാണ്. രാജ്യമാകെ നീണ്ട ലോക്ഡൗൺ പ്രതികൂലമായി ബാധിച്ചു എന്നുറപ്പ്. മാർച്ച് 24ന് പ്രഖ്യാപിച്ച ലോക്ഡൗണിലൂടെ കടകൾ, ഫാക്ടറികൾ, ടൂറിസം,ഭക്ഷണം, പൊതുഗതാഗതം എന്നീ മേഖലകൾ നാമാവശേഷമാക്കി. ഇവിടങ്ങളിൽ ജോലി നോക്കിയിരുന്ന കുടിയേറ്റ തൊഴിലാളികൾ തിരികെ പോകാൻ ആരംഭിച്ചത് രാജ്യത്ത് മറ്രൊരു പ്രതിസന്ധിയായി.
നിർമ്മാണ മേഖലയിൽ നിന്നുള്ള നിരക്ക് 20.06 മാത്രമാണ്. വൈദ്യുതി ഉൽപാദനം 6.8% കുറഞ്ഞു. ഖനന മേഖല പ്രവർത്തനം ഇല്ലാതെയായി. മേയ് 12ന് പുറത്തിറക്കിയ കണക്ക് പറയുന്നു. ഏപ്രിൽ അവസാനം തൊഴിലില്ലായ്മ നിരക്ക് 21.1 ശതമാനമായിരുന്നു. 2018 ജൂൺ വരെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 മാത്രമായിരുന്നു. എന്നാൽ സാമ്പത്തികരംഗത്ത് അസ്ഥിരത ഉണ്ടാകുമ്പോൾ സുരക്ഷിതത്വമില്ലാത്ത ജോലികളാണ് ആദ്യം ഇല്ലാതാകുക. ഭക്ഷണം, ഔഷധനിർമ്മാണ രംഗം എന്നിവ മാത്രമേ ഈ സമയത്ത് പിടിച്ചുനിന്നുള്ളൂ എന്നും CMIE പറയുന്നു.