cia
CIA

ജനീവ: കൊവിഡ് മൂലം ജനുവരിയിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിൽ നിന്ന് ലോകാരോഗ്യ സംഘടനയെ തടയാൻ ചൈന ശ്രമിച്ചിരുന്നതായി യു.എസ് രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എയുടെ റിപ്പോർട്ട്. അമേരിക്കൻ മാദ്ധ്യമമായ ന്യൂസ് വീക്കാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് ചൈന സംഘടനയെ സ്വാധീനിക്കാൻ ശ്രമിച്ചതെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ സംഘടനയുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്. കൊവിഡിന് കാരണം ചൈനയാണെന്നും ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായി തീരുമാനങ്ങളെടുക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയെ ചൈന സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള റിപ്പോർട്ടുകൾ നേരത്തെ ജർമ്മൻ രഹസ്യാന്വേഷണ വിഭാഗവും പുറത്ത് വിട്ടിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ നിന്ന് സംഘടനയെ പിൻന്തിരിപ്പിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിംൻപിംഗ് ഡബ്യൂ.എച്ച്.ഒ തലവൻ ടെഡ്രോസ് അഥനോമിനെ സമീപിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇത് സംഘടന നിഷേധിച്ചു.