september-attack-

വാഷിങ്ടൺ:- അമേരിക്കയിലെ വിറപ്പിച്ച 2001ലെ ലോക വ്യാപാര കേന്ദ്രം ( World trade center) ആക്രമണത്തിൽ മരിച്ചവരുടെ കുടുംബം സൗദി അറേബ്യ സർക്കാരിന് ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നൽകിയ കേസിൽ സൗദി പൗരന്റെ പേര് അമേരിക്കൻ കുറ്രാന്വേഷണ ഏജൻസിയായ എഫ്ബിഐ അബദ്ധത്തിൽ വെളിപ്പെടുത്തി.

1999-2000 കാലയളവിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. അമേരിക്കയിലെ സൗദി ഉടമസ്ഥതയിലുള്ള പള്ളികളുടെയും ഇസ്ളാമിക കേന്ദ്രങ്ങളിലെയും ജീവനക്കാരുടെ ചുമതലയുമുണ്ടായിരുന്ന സൗദി ഇസ്ളാമികകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധിയുമായിരുന്ന മുസാദ് അഹമ്മദ് അൽ-ജറയുടെ പേരാണ് എഫ്ബിഐ വെളിപ്പെടുത്തിയത്. ഇയാൾക്കെതിരെ എത്രത്തോളം ശക്തമായ തെളിവാണുള്ളതെന്ന് വ്യക്തമല്ല. തെറ്റായി സമർപ്പിച്ച ഫയലാണെന്ന കത്ത് നൽകി എഫ്ബിഐ റിപ്പോർട്ട് കോടതിയിൽ നിന്ന് പിൻവലിച്ചു. ഇതോടെ സൗദിയുടെ പങ്കിനെകുറിച്ചുള്ള വിവരം സർക്കാ‌ർ മനപൂർവ്വം മറയ്ക്കുകയാണെന്ന് ആക്രമണത്തിൽ മരിച്ചവരുടെ അഭിഭാഷകൻ ആരോപണം ഉന്നയിച്ചു.

നാലോളം വിമാനങ്ങൾ തട്ടിയെടുത്ത് അമേരിക്കയിലെ പെന്റഗണിലും വേൾഡ് ട്രേഡ് സെന്ററിലും നടത്തിയ ആക്രമണങ്ങളിൽ പങ്കെടുത്ത 19 പേരിൽ 15 പേരും സൗദി അറേബ്യൻ പൗരന്മാരായിരുന്നു. എന്നാൽ സൗദി അറേബ്യ നിരന്തരം ഈ ആക്രമണങ്ങളിലെ ഉത്തരവാദിത്വം നിരസിച്ചിരുന്നു.