ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് അഭിയാൻ പാക്കേജ് കൊവിഡിനെ നേരിടാൻ പ്രഖ്യാപിക്കപ്പെട്ട പാക്കേജുകളിൽ ലോകത്തെതന്നെ മുൻനിരയിൽ
പാകിസ്ഥാന്റെ ജി.ഡി.പിക്ക് ഏതാണ്ട് തുല്യമാണ് ഇന്ത്യയുടെ കൊവിഡ് പാക്കേജ്. 284 ബില്യൺ ഡോളറാണ് പാകിസ്ഥാന്റെ ജി.ഡിപി. ഡോളറിലാണെങ്കിൽ 20 ലക്ഷം കോടിയുടെ ഇന്ത്യയുടെ പാക്കേജ് 265 ബില്യൺ വരും. മുകേഷ് അംബാനിയുടെ സമ്പത്തിന്റെ അഞ്ച് ഇരട്ടിയാണ് ഇന്ത്യയുടെ പാക്കേജെന്നതും ശ്രദ്ധേയം.
ജപ്പാൻ, യു.എസ്, സ്വീഡൻ, ഓസ്‌ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങൾ പ്രഖ്യാപിച്ചവയ്ക്കൊപ്പം നിൽക്കുന്നവയാണ് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച പാക്കേജ്. 2.7 ട്രില്യൺ ഡോളറിന്റെ പാക്കേജാണ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ലോകത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് പാക്കേജ് ഇതാണ്. 1.1 ട്രില്യൺ പാക്കേജാണ് ജപ്പാൻ പ്രഖ്യാപിച്ചിട്ടുള്ളത്. ജി.ഡി.പിയുടെ 21.1 ശതമാനം വരും ഇത്. യുഎസിന്റെ പാക്കേജ് ജി.ഡി.പിയുടെ 13 ശതമാനമേ വരൂ. വിയറ്റ്‌നാം, പോർച്ചുഗൽ, ഗ്രീസ്, ന്യൂസീലാൻഡ്, റുമാനിയ തുടങ്ങി 149 ലോക രാജ്യങ്ങളുടെ മൊത്തം ജി.ഡി.പിയേക്കാൾ വലുതാണ് ഇന്ത്യയുടെ കൊവിഡ് പാക്കേജ്.