സാഗർ : മദ്ധ്യപ്രദേശിൽ ജൈന സന്യാസിയായ പ്രമൺസാഗറിന് നൽകിയ സ്വീകരണത്തിൽ ലോക്ക്ഡൗൺ ലംഘിച്ചെത്തിയത് ആയിരങ്ങൾ. സാഗർ ജില്ലയിലെ ബാന്ദ പട്ടണത്തിലാണ് സംഭവം. വൻ ജനാവലിയെ നിയന്ത്രിക്കാൻ വേണ്ടത്ര പൊലീസും ഉണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് സംഘാടകർക്കെതിരെ സാമൂഹിക അകലം ലംഘിച്ചതിനും അനധികൃതമായി കൂട്ടംകൂടിയതിനും കേസെടുത്തെന്ന് സാഗർ ജില്ല അഡി. പൊലീസ് സൂപ്രണ്ട് പ്രവീൺ ഭുരിയ അറിയിച്ചു.
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ ഉയർച്ചയുണ്ടാകുന്ന സമയത്താണ് മദ്ധ്യപ്രദേശിലെ ഈ സംഭവം. ഇരുപത്തിനാല് മണിക്കൂറിനിടെ 3525 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് രൂക്ഷമായ മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഇതുവരെ പത്തുപേർക്ക് രോഗം ബാധിച്ചു. ഒരാൾ മരിച്ചു. 3986 പേർക്ക് മദ്ധ്യപ്രദേശിൽ രോഗം ബാധിച്ചു. 225 പേർ മരിച്ചു.
സംസ്ഥാനത്ത് ലോക്ഡൗൺ നിബന്ധനകൾ ലഘൂകരിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ജനങ്ങളോട് നിർദ്ദേശങ്ങൾ ആരാഞ്ഞിരുന്നു. പൊതുഗതാഗതം,കാർഷികമേഖല,വ്യവസായ മേഖലകളിൽ ഇളവുകൾ നൽകാൻ ആലോചിക്കുകയാണ് മദ്ധ്യപ്രദേശ് സർക്കാർ.