
ജൂൺ ഒന്നുമുതൽ പ്രിമിയർ ലീഗ് പുനരാരംഭിക്കാമെന്ന് സർക്കാർ
രോഗവ്യാപനം വർദ്ധിക്കുമോ എന്ന ആശങ്കയിൽ കളിക്കാർ
ലണ്ടൻ: കൊവിഡ് കാരണം രണ്ടുമാസത്തോളമായി നിറുത്തിവച്ചിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ സീസൺ ജൂൺ ഒന്നിന് പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും രാജ്യത്ത് രോഗത്തിന്റെ വിളയാട്ടം ശക്തമായിത്തന്നെ തുടരുന്നതിനാൽ ഇത് എത്രത്തോളം സുരക്ഷിതമാകും എന്ന കാര്യത്തിൽ കളിക്കാരുടെ ആശങ്ക മാറുന്നില്ല.
ലോക്ക് ഡൗണിൽ ജൂൺ ഒന്ന് മുതൽ ഇളവുകൾ പ്രഖ്യാപിച്ചതിനൊപ്പമാണ് സർക്കാർ ഫുട്ബാൾ ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾക്കും അനുമതി നൽകയിരിക്കുന്നത്. ജൂൺ എട്ടിന് കളി തുടങ്ങാമെന്ന ലീഗ് സംഘാടകരുടെ കണക്കുകൂട്ടലുകൾക്കിടെയാണ് സർക്കാറിന്റെ അനുമതിയെത്തുന്നത്. കാണികൾക്ക് പ്രവേശനമില്ലാതെ കർശന സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാവും ഫുട്ബാൾ സീസണിന്റെ തിരിച്ചുവരവ്. എന്നാൽ കളിക്കാർക്ക് കൊവിഡ് ടെസ്റ്റ് നടത്തുന്നതും പരിശീലനങ്ങൾ പുനരാരംഭിക്കുന്നതും സംബന്ധിച്ച തീയതികൾ പ്രഖ്യാപിച്ചിട്ടില്ല.
ജർമ്മനിയിൽ ഇൗ മാസം 16നും സ്പെയ്നിൽ ജൂൺ 12നും ലീഗുകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇംഗ്ളണ്ടിൽ പ്രതീക്ഷിച്ചതിലുമേറെ നേരത്തേ അനുമതി ലഭിച്ചിരിക്കുന്നത്.
നിഷ്പക്ഷ വേദി ?
നിഷ്പക്ഷ വേദിയിൽ മത്സരം നടത്താനാണ് നീക്കം. എന്നാൽ ഹോംഗ്രൗണ്ടുകളിൽ കളി നടത്താൻ പൊലീസും ആരോഗ്യവകുപ്പും സമ്മതം മൂളിയെന്ന് റിപ്പോർട്ടുകളുണ്ട്. ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ആഴ്ചയിൽ രണ്ടു ദിവസം എന്നതിനു പകരം കൂടുതൽ ദിവസങ്ങളിൽ കളി നടത്തി ജൂലായ് അവസാനത്തോടെ ലീഗ് പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്. മാർച്ച് ആദ്യവാരത്തിൽ നിറുത്തിവെച്ച ലീഗിൽ ഇനിയും ഒമ്പത് റൗണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. രണ്ട് ജയം അകലെ കിരീടം കാത്തിരിക്കുന്ന ലിവർപൂൾ ആരാധകർക്കാണ് പുതിയ വാർത്തകൾ ഏറ്റവും സന്തോഷം നൽകുന്നത്.
സുരക്ഷാ നിർദ്ദേശങ്ങൾ
കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കില്ല.
കളിക്കാരുടെ പരിശീലനം, താമസം, മത്സരത്തിനിടയിലെ ഇടപെടൽ എന്നിവയിലും മാർഗരേഖയുണ്ടാകും.
പരിശീലനത്തിനിടെ ടാക്ളിംഗ്, അനാവശ്യമായ പിടിച്ചുവലി എന്നിവ അനുവദിക്കില്ല
പരിശീലനത്തിന്റെയും മത്സരത്തിന്റെയും ഒാരോ സെഷനും മുമ്പ് ഗ്രൗണ്ട് ,ഗോൾ പോസ്റ്റുകൾ, കോർണർ ഫ്ളാഗ് തുടങ്ങിയവ അണുവിമുക്തമാക്കും.
വിമർശനം
കൊവിഡ് വ്യാപനവും മരണവും കൂടുന്നതിനിടെ കളി പുനരാരംഭിക്കുന്നത് ആത്മഹത്യാപരമെന്നാണ് താരങ്ങളുടെ പക്ഷം. സാമൂഹിക അകലം പാലിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുമ്പോഴാണ് ശാരീരികമായി അടുത്തിടപഴകുന്ന കായിക മത്സരങ്ങൾ നടത്താനുള്ള നീക്കമെന്നാണ് വിമർശം. ‘ഞങ്ങളും മനുഷ്യരാണ്’ എന്നായിരുന്നു നോർവിച്ച് മിഡ്ഫീൽഡർ ടോട് കാന്റ്വെല്ലിന്റെ ട്വീറ്റ്.
‘ആയിരങ്ങൾ മരിച്ചു വീഴുമ്പോൾ ഫുട്ബാൾ എന്ന് ഉച്ചരിക്കാൻ പോലുമാവില്ല. ജനങ്ങൾ ദുരന്തമുഖത്താണ് ജീവിക്കുന്നത്’ -ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് ഡിഫൻഡർ ഡാനി റോസ് തുറന്നടിച്ചു. സെർജിയോ അഗ്യുറോ, റഹിം സ്റ്റെർലിംഗ് തുടങ്ങിയ താരങ്ങളും വിമർശനമുയർത്തുന്നുണ്ട്.
കളിക്കാരെയും ടീം ഒഫീഷ്യൽസിനെയും ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ സീസൺ പുനരാരംഭിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തൂ.
റിച്ചാർഡ് മാസ്റ്റേഴ്സ് സി.ഇ.ഒ,
പ്രീമിയർലീഗ് എതിർത്ത് ലണ്ടൻ മേയറും
ജൂണിൽ പ്രിമിയർ ലീഗ് തുടങ്ങാനുള്ള തീരുമാനത്തിനെതിരെ ലണ്ടൻ മേയർ സാദിഖ് ഖാൻ പരസ്യമായി രംഗത്ത് വന്നു.താൻ ലീഗ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കിലും ഇത്ര വേഗത്തിലെ തിരിച്ചുവരവ് ശരിയായ നടപടിയല്ലെന്ന് അദ്ദേഹത്തിന്റെ ഒാഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഇപ്പോഴും ലണ്ടൻ നഗരത്തിൽ ദിവസവും നൂറുകണക്കിന് പേർ മരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഴ്സനൽ, ചെൽസി, ടോട്ടൻഹാം എന്നിവയടക്കം അഞ്ച് മുൻ നിര ക്ളബുകളാണ് ലണ്ടൻ നഗരത്തിലുളളത്.