ന്യൂഡൽഹി: കൊവിഡിന് തുടർന്ന് ചൈനയിൽ നിന്ന് ആഗോളനിക്ഷേപകർ പിൻമാറുന്നത് തിരിച്ചറിഞ്ഞ് ഇന്ത്യയെ വൻനിക്ഷേപക കേന്ദ്രമാക്കാനുള്ള പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് ലക്ഷ്യമിടുന്നു. ചൈനയിൽ പ്രമുഖ കമ്പനികൾക്കുള്ള ആശങ്ക തിരിച്ചറിഞ്ഞ് മേക്ക് ഇൻ ഇന്ത്യ പദ്ധതി കൂടുതൽ വിപുലീകരിക്കാനും ഇതിലൂടെ പരമാവധി വിദേശനിക്ഷേപം രാജ്യത്ത് എത്തിക്കാനുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൽ ചെറുകിട-ഇടത്തരം സംരഭങ്ങൾക്കുള്ള പദ്ധതികളടക്കം വളരെ കുറച്ച് ഭാഗം മാത്രമേ ഇന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിട്ടുള്ളൂ. ആഗോള ടെണ്ടർ വിളിക്കേണ്ട പദ്ധതികളുടെ അടങ്കൽ തുക ഇരുന്നൂറ് കോടിയായി ഉയർത്തുന്നതായി ധനമന്ത്രി ഇന്ന് അറിയിച്ചിട്ടുണ്ട്. ചെറുകിട ബ്രാൻഡുകൾക്ക് ആഗോളതലത്തിൽ ഉയരാനുള്ള പിന്തുണയും അവസരവും നൽകുമെന്ന് ധനമന്ത്രി ഇന്ന് പറഞ്ഞു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് എല്ലാ ചെറുകിട വ്യാപാരങ്ങളേയും ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.