covid
COVID

ബീജിംഗ്:ചൈനയിൽ രണ്ടാം ഘട്ട കൊവിഡ് വ്യാപന ഭീതി ശക്തമാക്കി വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലും മറ്റ് പല പ്രവിശ്യകളിലും പുതിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തതോടെ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

വടക്ക് കിഴക്കൻ നഗരമായ ജിലിനിൽ ഭാഗിക ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ഉത്തര കൊറിയയുമായി അതിർത്തി പങ്കിടുന്ന ജിലിൻ പ്രവിശ്യയിൽ ഒറ്റദിവസം 11 പേർ രോഗികളായതോടെ പൊതു ഗതാഗതം പൂർണമായും നിരോധിച്ചു. തിയേറ്റുകൾ, ജിമ്മുകൾ, ഇന്റർനെറ്റ് കഫേകൾ തുടങ്ങി എല്ലാ വിനോദോപാധികൾക്കും പൂട്ടു വീണു. പനിക്കും മറ്റും നൽകുന്ന മരുന്നുകളുടെ കണക്കുകൾ ഫാർമസികൾ സർക്കാരിനെ നിർബന്ധമായും അറിയിക്കണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കൊവിഡ് നെഗറ്റീവായവർക്കും കർശനമായ സ്വയം ക്വാറന്റൈൻ പൂർത്തിയാക്കിയവർക്കും മാത്രമേ നഗരം വിടാൻ അനുവാദമുള്ളൂ. നാല് ദശലക്ഷമാണ് ജിലിനിലെ ജനസംഖ്യ.

ചൈനയിൽ ഇന്നലെ മാത്രം 15 പുതിയ രോഗികൾ. ഇതിൽ എട്ടെണ്ണത്തിന് രോഗലക്ഷണങ്ങളില്ല. ഇത്തരത്തിലുള്ള 750 കേസുകളുണ്ട്. വുഹാനിലെ 11 ദശലക്ഷം ജനങ്ങൾക്കും കൊവിഡ് പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.

 റഷ്യ അതീവ ഗുരുതരം

റഷ്യയിൽ തുടർച്ചയായി ഇന്നലെയും 10,​000ത്തിലധികം പുതിയ രോഗികളും 107മരണവും. ആകെ മരണം 2212. രണ്ടരലക്ഷം രോഗികൾ. കൊവിഡിന്റെ പുതിയ ഹോട്ട്സ്പോട്ടായ റഷ്യയുടെ സ്ഥിതി അതീവ ഗുരുതമാണ്. രോഗവ്യാപനം ശക്തമാണ്. രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാമതാണ് റഷ്യ. അമേരിക്കയും സ്പെയിനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. രാജ്യത്ത് കഴിഞ്ഞ ദിവസം ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. രോഗബാധ ഏറ്റവും രൂക്ഷമായ മോസ്കോയിൽ എല്ലാ വ്യവസായ, നിർമ്മാണശാലകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

 ലോകത്ത് മരണം 3 ലക്ഷം  രോഗികൾ 43 ലക്ഷം  ഭേദമായവർ 16 ലക്ഷം

 അമേരിക്കയിൽ മരണം 83,500. മരണം ലക്ഷത്തിലേക്ക് ഉയരുമെന്ന് വിലയിരുത്തൽ. 14 ലക്ഷത്തിലധികം രോഗികൾ. വൈറസ് വ്യാപനം നിയന്ത്രണവിധേയമായിട്ടില്ലെന്നും, ലോക്ഡൗൺ ഇളവുകൾ കൂടുതൽ മരണത്തിന് ഇടയാക്കുമെന്നും സാംക്രമിക രോഗവിദഗ്ദ്ധൻ ഡോ.ആന്തണി ഫൗച്ചിയുടെ മുന്നറിയിപ്പ്.

 ബ്രിട്ടനിൽ മരണം 32,​692. രോഗികൾ രണ്ട് ലക്ഷം.

 ബ്രസീലിൽ പ്രതിദിന മരണം 57. പുതിയ രോഗികൾ 612 . ആകെ മരണം 12,000. രോഗികൾ 1,70,000

 ആസ്ട്രിയയും ‌ജർമ്മനിയും ജൂൺ പകുതിയോടെ അതിർത്തികൾ തുറക്കും. .