തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ രണ്ടുപേർ വയനാട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്. മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരാളും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളുമാണ് പൊലീസുകാർ. ഇവർക്ക് ചെന്നൈയിൽ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. വയനാട് ജില്ലയിൽ നിന്നുള്ള 2 പേർക്കും സമ്പർക്കത്തിലൂടെ രോഗമുണ്ടായത് ഇതേ ട്രക്ക് ഡ്രൈവറിലൂടെയാണ്. ഇതോടെ ഈ ട്രക്ക് ഡ്രൈവറിൽ നിന്നും 10 പേർക്കാണ് രോഗം പടർന്നതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ട്രക്ക് ഡ്രൈവറുമായി സമ്പർക്കമുണ്ടായ ആറുപേർക്ക് കൊവിഡ് ബാധിച്ചിരുന്നു.
അതേസമയം കൊല്ലം ജില്ലയിൽ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. 490 പേരാണ് ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽചികിത്സയിലുള്ളത്.