മുംബയ്: മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് മദ്ധ്യപ്രദേശിലെ ഗ്രാമത്തിലേക്ക് നടന്ന ഗർഭിണിയായ കുടിയേറ്റ തൊഴിലാളി റോഡിൽ പ്രസവിച്ചു.ഇതിനു ശേഷം രണ്ടു മണിക്കൂർ വിശ്രമിച്ച യുവതി 150 കിലോമീറ്റർ കൂടി നടന്നതായും എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ഗർഭിണിയായ സ്ത്രീയും ഭർത്താവും മദ്ധ്യപ്രദേശിലെ സത്നയിലുള്ള വീട്ടിലേക്ക് കാൽനടയായി യാത്ര തിരിച്ചത്.
ചൊവ്വാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും, മറ്റൊരു സൗകര്യവും ഇല്ലാതായതോടെ വഴിയിൽ പ്രസവിക്കുകയായിരുന്നു. പ്രസവ ശേഷം രണ്ട് മണിക്കൂർ വിശ്രമിച്ച് 150 കിലോമീറ്റർ കൂടി നടന്നപ്പോൾ സംസ്ഥാന അതിർത്തിയിൽ വച്ച് തങ്ങൾക്ക് ബസ് ലഭിച്ചുവെന്ന് ഭർത്താവ് പറഞ്ഞു. അമ്മയേയും കുഞ്ഞിനെയും ചികിത്സയ്ക്ക് വിധേയമാക്കിയെന്നും ഇരുവരും സുഖമായി ഇരിക്കുന്നുവെന്നും സത്ന ബ്ലോക്ക് മെഡിക്കൽ ഓഫീസർ എ.കെ റേ പറഞ്ഞു. സമാന സംഭവം തെലങ്കാനയിലുമുണ്ടായി. ഛത്തീസ്ഗണ്ഡിലെ വീട്ടിലേക്ക് മടങ്ങിയ ഗർഭിണിയായ കുടിയേറ്റ തൊഴിലാളി വഴിയിൽ പ്രസവിച്ചു. സംഗറെഡി ജില്ലയിൽ നിന്ന് ഛത്തീസ്ണ്ഡിലെ സ്വന്തം ഗ്രാമമായ രാജ്നന്ദ്ഗാവിലേക്ക് കുടുംബത്തോടൊപ്പം കാൽനടയായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു പ്രസവം.