pm-modi-

ന്യൂഡൽഹി : കൊവിഡ് പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് വ്യവസായ മേഖലയ്ക്ക് ഉപകാരപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ വ്യവസായ ലോകവും ചെറുകിട - ഇടത്തരം വ്യവസായ മേഖലയും നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ധനമന്ത്രി പ്രഖ്യാപിച്ച നടപടികൾ പണലഭ്യത വർദ്ധിപ്പിക്കും. സംരംഭകര ശക്തരാക്കുകയും അവരുടെ മത്സരബുദ്ധി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ചെറുകിട - ഇടത്തരം വ്യവസായ മേഖലയ്ക്കായി മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാത്ത വായ്പ അടക്കമുള്ളവ ധനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചത്.

അതേസമയം സാമ്പത്തിക പാക്കേജിൽ ദരിദ്രരും വിശക്കുന്നവരും തകർന്നവരും സ്വന്തം നാട്ടിലേക്ക് തിരിച്ച് നടക്കുന്നതുമായ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾക്കു വേണ്ടിയൊന്നുമില്ലെന്ന് കോൺഗ്രസ് നേതാവും മുൻ ധനകാര്യമന്ത്രിയുമായ പി ചിദംബരം പറഞ്ഞു. ദിനംപ്രതി കഷ്ടപ്പെടുന്നവരുമേലുള്ള ക്രൂരമായ അടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർ‌ത്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ടി.എം.തോമസ് ഐസക്,​ ശശി തരൂർ എം.പി തുടങ്ങിയവരും സാമ്പത്തിക പാക്കേജിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.