yuvi

ന്യൂഡൽഹി∙ കരിയറിൽ ഒരു ട്വന്റി-20 പോലും കളിച്ചിട്ടില്ലാത്ത ഇന്ത്യൻ സീനിയർ ടീമിന്റെ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോഡിന്റെ യോഗ്യതയെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിംഗ്. ഒരു ഒാൺലൈൻ അഭിമുഖത്തിലാണ് യുവി ഇക്കാര്യം തുറന്നുപറഞ്ഞത്.

' റാത്തോഡ് എന്റെ സുഹൃത്താണ്. പക്ഷേ, ഇന്നത്തെ ട്വന്റി-20 തലമുറയ്ക്ക് കളി പറഞ്ഞുകൊടുക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് തോന്നുന്നുണ്ടോ? അവരെ സഹായിക്കാനുതകും വിധം അനുഭവ പരിജ്ഞാനം നേടാൻ ആ തലത്തിലൊക്കെ കളിച്ചിട്ടുള്ള ആളാണോ അദ്ദേഹം?’ – യുവ്‌രാജ് ചോദിച്ചു. 2007ലെ ട്വന്റി-20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയ്ക്ക് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് യുവ്‌രാജ്.

മുൻ ഇന്ത്യൻ താരം കൂടിയായ സഞ്ജയ് ബംഗാറെ ഒഴിവാക്കിയാണ് കഴിഞ്ഞ വർഷം റാത്തോഡിനെ ബാറ്റിംഗ് പരിശീലകനായി നിയമിച്ചത്. ഇന്ത്യയ്ക്കായി ആറ് ടെസ്റ്റുകളും 7 ഏകദിനങ്ങളും കളിച്ചിട്ടുള്ള 50 വയസുകാരനായ റാത്തോഡ് മുൻ ദേശീയ സെലക്ടറും ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ മുൻ ബാറ്റിംഗ് ഉപദേശകനുമാണ്.

പരിശീലകരെപ്പറ്റി യുവിക്ക് പറയാനുള്ളത്

" ഓരോ താരങ്ങളോടും അവരുടെ വ്യക്തിത്വം മനസിലാക്കി വേണം പരിശീലകർ പെരുമാറേണ്ടത്. ഞാനായിരുന്നു ഇന്ത്യൻ പരിശീലകനെങ്കിൽ ജസ്‌പ്രീത് ബുംറയെ രാത്രി ഒൻപതു മണിക്കു തന്നെ ശുഭരാത്രി നേർന്ന് ഉറങ്ങാൻ വിടും. ഹാർദിക് പാണ്ഡ്യയെ കൂട്ടി രാത്രി 10 മണിക്ക് പുറത്തു കറങ്ങാൻ പോവുകയും ചെയ്യും "

" ഇപ്പോഴത്തെ പരിശീലക സംഘം ആരോടും സംസാരിക്കാറുണ്ടെന്ന് തോന്നുന്നില്ല. ആരിൽനിന്നും നിർദ്ദേശങ്ങളും ആവശ്യപ്പെടുന്നില്ല. കളിക്കാർക്ക് മാർഗനിർദ്ദേശം നൽകേണ്ട ജോലി രവി ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല "


" എല്ലാ കളിക്കാരോടും കളത്തിൽ പോയി നിങ്ങളുടെ സ്വാഭാവികമായി കളി പുറത്തെടുക്കൂ എന്ന രീതിയിലുള്ള സമീപനം വിജയിക്കില്ല. ഒരുപക്ഷേ, സേവാഗിനേപ്പോലൊരു താരത്തിന്റെ കാര്യത്തിൽ ഈ സമീപനം ഫലപ്രദമായേക്കാം. പക്ഷേ, ഇതേ സമീപനം ചേതേശ്വർ പൂജാരയുടെ കാര്യത്തിൽ ചെലവാകില്ല.

ആ റെക്കാഡ് പാണ്ഡ്യ തകർത്തേക്കും

ട്വന്റി20യിൽ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറിയെന്ന തന്റെ റെക്കാഡ് ഹാർദിക് പാണ്ഡ്യ ഭേദിക്കാൻ ഇടയുണ്ടെന്ന് യുവരാജ് അഭിപ്രായപ്പെട്ടു. 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 പന്തിൽനിന്ന് നേടിയ അർദ്ധസെഞ്ചുറിയാണ് യുവ്‌രാജിന്റെ പേരിലുള്ള റെക്കാഡ്. അന്ന് സ്റ്റുവാർട്ട് ബ്രോഡിന്റെ ഒരോവറിൽ നേടിയ ആറു സിക്സുകൾ സഹിതമാണ് യുവി 12 പന്തിൽ 50 കടന്നത്. ഒരു മികച്ച ഓൾറൗണ്ടറായി വളരാനുള്ള എല്ലാ കഴിവും പാണ്ഡ്യയ്ക്കുണ്ടെങ്കിലും അദ്ദേഹത്തെ ശരിയായ വഴിക്കു നയിക്കാൻ കഴിവുള്ള ഒരു പരിശീലകൻ ആവശ്യമാണെന്നും യുവരാജ് പറഞ്ഞു.