gayle

ജമൈക്ക : മുൻ സഹതാരം രാംനരേഷ് സർവനെ കൊറോണ വൈറസിനെക്കാൾ ഭീകരൻ എന്ന് വിളിച്ച വിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്ലിനെതിരെ അച്ചടക്ക നടപടിക്കു സാധ്യത. കരീബിയൻ സൂപ്പർ ലീഗ് ടീമായ ജമൈക്ക ടാലവാസിൽ നിന്ന് തന്നെ ഒഴിവാക്കിയത് സർവന്റെ കുതന്ത്രം മൂലമാണെന്ന് മുമ്പും ആരോപിച്ചിട്ടുള്ള ഗെയ്ൽ കൊവിഡ് കാലത്ത് രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. ഗെയ്‍ലിനെതിരെ നടപടിയെടുക്കുന്ന കാര്യം പരിഗണിക്കുന്നതായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് തലവൻ റിക്കി സ്കെറിട്ടാണ് വെളിപ്പെടുത്തിയത്.

വിഷപ്പാമ്പ്, പിന്നിൽനിന്നു കുത്തുന്നവർ, ഇപ്പോഴും പക്വതയെത്താത്തയാൾ, പ്രതികാരദാഹി തുടങ്ങിയ കടുത്ത പ്രയോഗങ്ങളാണ് ഗെയ്‍ൽ സർവനെതിരെ നടത്തിയത്. 2013 മുതൽ 2016 വരെ ടാലവാസിന്റെ താരമായിരുന്ന ഗെയ്ൽ ഇടക്കാലത്ത് മറ്റു ടീമുകളിലേക്കു പോയെങ്കിലും കഴിഞ്ഞ സീസണിൽ വീണ്ടും തിരിച്ചെത്തി. മൂന്നു വർഷത്തെ കരാറിലായിരുന്നു ഇതെങ്കിലും ഇത്തവണ ടാലവാസ് ഗെയ്‍ലിനെ പുറത്താക്കുകയായിരുന്നു. ഇതിനു പിന്നാലെ ഗെയ്ൽ സെന്റ് ലൂസിയയിൽ മാർക്വീ താരമായി ചേർന്നു

ഗെയ്‍ൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്ന് സർവൻ വ്യക്തമാക്കിയിരുന്നു. ജമൈക്ക ടാലവാസിൽനിന്ന് ഗെയ്‍ലിനെ പുറത്താക്കാൻ താൻ ചരടുവലിച്ചെന്ന ആരോപണം ഉൾപ്പെടെ എല്ലാം അസംബന്ധമാണ്. എക്കാലവും അടുത്ത സുഹൃത്തായാണ് ഗെയ്‍ലിനെ കണ്ടിട്ടുള്ളതെന്നും സർവൻ വിശദീകരിച്ചു.