sachin

കറാച്ചി : പാകിസ്ഥാൻ കളിക്കാർ ഏറ്റവും കൊതിച്ചിരുന്ന ഇന്ത്യൻ വിക്കറ്റ് സച്ചിൻ ടെൻഡുൽക്കറിന്റേതാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. തങ്ങൾക്കെതിരെ സച്ചിൻ ബാറ്റ് ചെയ്യാനെത്തുമ്പോൾ അദ്ദേഹം ഒൗട്ടായിപ്പോകരുതേ എന്ന് ആഗ്രഹിച്ചിരുന്ന ഒരു പാകിസ്ഥാനി ക്യാപ്ടനെ സങ്കൽപ്പിക്കാനാകുമോ ? എന്നാൽ താൻ സച്ചിന്റെ ബാറ്റിംഗിനെ അത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ കൂടിയായിരുന്ന മുൻ പാക് നായകൻ റഷീദ് ലത്തീഫ്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധസമാനമായ സാഹചര്യങ്ങളിൽ ഏറ്റുമുട്ടിയിരുന്ന കാലത്ത് പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പറായിരുന്നു ലത്തീഫ്. സച്ചിന്റെ കരിയറിലെ സുവർണ കാലവും ഇതാണ്. ബ്രയാൻ ലാറയും റിക്കി പോണ്ടിംഗും ജാക്ക് കാലിസും ഉൾപ്പെടെയുള്ളവർ എത്രയും പെട്ടെന്ന് പുറത്തായി കാണാൻ ആഗ്രഹിക്കുമ്പോഴാണ്, സച്ചിൻ പുറത്താകരുതെന്ന് ആഗ്രഹിച്ചിരുന്നതെന്നും അൻപത്തൊന്നുകാരനായ റാഷിദ് ലത്തീഫ് വെളിപ്പെടുത്തി.

‘ഞാൻ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പറായിരുന്ന കാലത്ത് ഒട്ടേറെ മികച്ച താരങ്ങൾ എനിക്കു തൊട്ടുമുന്നിൽ ബാറ്റു ചെയ്തിട്ടുണ്ട്. പക്ഷേ സച്ചിൻ ബാറ്റിംഗിനായെത്തുന്നത് തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. സച്ചിൻ ക്രീസിൽ നിൽക്കുമ്പോൾ അദ്ദേഹം ഔട്ടാകരുതേയെന്ന് തൊട്ടുപിന്നിൽനിന്ന് ആഗ്രഹിച്ചുപോയ എത്ര നിമിഷങ്ങളുണ്ടെന്നോ. അത്രയും അടുത്തുനിന്ന് സച്ചിന്റെ ബാറ്റിംഗ് കാണുന്നത് തന്നെ സുഖമുള്ളൊരു കാഴ്ചയായിരുന്നു.’ സച്ചിന്റെ പെരുമാറ്റവും രീതികളുമെല്ലാം തികച്ചും വ്യത്യസ്തമായിന്നു. വിക്കറ്റിനു പിന്നിൽനിന്ന് അദ്ദേഹത്തെ പ്രകോപിപ്പിക്കാനായി എന്തൊക്കെ പറഞ്ഞാലും വകവയ്ക്കാറുണ്ടായിരുന്നില്ല. ഒന്നും മിണ്ടില്ലെന്ന് മാത്രമല്ല, വെറുതെ ചിരിക്കുകയും ചെയ്യും. സച്ചിനേപ്പോലെ എല്ലാം ചിരിച്ചു തള്ളിയിരുന്ന മറ്റൊരു ഇന്ത്യൻ താരം മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു." എതിരാളികളുടെ പോലും ഹൃദയം കവരുന്നവരാണിവർ.

– റാഷിദ് ലത്തീഫ്