ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിലാക്കിയ ചെറുകിട സംരംഭങ്ങളെ കൈപിടിച്ചുയർത്താൻ മൂന്നു ലക്ഷം കോടി രൂപയുടെ ഈടില്ലാ വായ്പ ഉൾപ്പെടെ ഉദാരമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, വൈദ്യുതി വിതരണ കമ്പനികൾ, റിയൽ എസ്‌റ്റേറ്റ്, ഇ.പി.എഫ്, ആദായ നികുതി മേഖലകൾക്കും ആശ്വാസം പകരുന്നതാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ നടത്തിയ പ്രഖ്യാപനങ്ങൾ.
കൊവിഡ് ലോക്ക് ഡൗൺ സമ്പദ്‌വ്യവസ്ഥയിൽ സൃഷ്ടിച്ച ആഘാതം തരണം ചെയ്യാൻ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ച് രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സ്വാശ്രയ ഭാരത പാക്കേജിന്റെ ആദ്യഘട്ട ആനുകൂല്യങ്ങളാണിവ. കൂടുതൽ ആനുകൂല്യങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. 2014 മുതൽ എൻ.ഡി.എ സർക്കാരുകൾ നടപ്പാക്കിയ പതാകാവാഹക പദ്ധതികളാണ് പാക്കേജിന് അടിസ്ഥാനമെന്ന് നിർമ്മലാ സീതാരാമൻ വിശദീകരിച്ചു.
നാമമാത്ര ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് (എം.എസ്.എം.ഇ) ആറ് തരം ആനുകൂല്യങ്ങളാണ് ലഭിക്കുക.
1. മൂന്ന് ലക്ഷം കോടി രൂപയുടെ ഈടില്ലാത്ത അടിയന്തര വായ്പ:
45ലക്ഷം സംരംഭകർക്ക് പ്രയോജനം
അസംസ്‌കൃത വസ്‌തുക്കൾ വാങ്ങാനും, വ്യവസായം വീണ്ടും തുടങ്ങാനും
25 കോടി വരെ ബാദ്ധ്യതയും 100 കോടി വരെ വരുമാനവുമുള്ളവർക്ക്
നാലു വർഷ വായ്‌പാ കാലാവധി
തിരിച്ചടവിന് ഒരു വർഷം മോറട്ടോറിയം. പലിശ അടയ്‌ക്കണം
വായ്‌പ 2020 ഒക്‌ടോബർ 31വരെ കിട്ടും
ഗാരന്റി ഫീ ഇല്ല, വായ്‌പയ്‌ക്ക് 100 ശതമാനം സർക്കാർ ഗാരന്റി
2.കടബാദ്ധ്യതയുള്ള യൂണിറ്റുകൾക്ക് 20,000 കോടി
2 ലക്ഷം വ്യവസായങ്ങൾക്ക് പ്രയോജനം
4000 കോടി കേന്ദ്രസഹായം
3. ഫണ്ടുകളുടെ ഫണ്ട്: 50,000 കോടി രൂപ
എം.എസ്.എം.ഇകളിലെ നിശ്‌ചിത ഓഹരികൾക്ക് തുല്യമായ സർക്കാർ നിക്ഷേപം
പണമില്ലാതെ കഷ്‌ടപ്പെടുന്ന വ്യവസായങ്ങൾക്ക്
ഓഹരി വിപണിയിൽ പ്രവേശിക്കാൻ പ്രോത്സാഹനം
4. നിർമ്മാണ സേവന മേഖലകളെ ഒരുമിപ്പിക്കും
നിക്ഷേപത്തിനൊപ്പം വരുമാനം അടിസ്ഥാനമാക്കും
5. 200 കോടി വരെയുള്ള ടെൻഡർ സ്വദേശി കമ്പനികൾക്ക്
സർക്കാരിന്റെ 200 കോടി വരെയുള്ള പദ്ധതികൾക്ക് ആഗോള ടെൻഡർ പാടില്ല
വിദേശ കമ്പനികളുടെ മത്സരത്തിൽ ചെറുകിട കമ്പനികൾക്ക് പിടിച്ചു നിൽക്കാൻ
സ്വാശ്രയ ഭാരത പദ്ധതി, മേക്ക് ഇൻ ഇന്ത്യ എന്നിവയുടെ പ്രോത്‌സാഹനം.
6. ഇ-മാർക്കറ്റിംഗ് സൗകര്യം
കൊവിഡിനു ശേഷം വിപണന മേളകളും എക്‌സിബിഷനുകളും സാദ്ധ്യമാകാത്തതിനാൽ എം.എസ്.എം.ഇകളുടെ കുടിശിക 45ദിവസത്തിനുള്ളിൽ നൽകും
ഇ.പി.എഫ് വിഹിതം കുറച്ചു
1. ഇ.പി.എഫ് വിഹിതം കുറച്ച് 6750 കോടി ലാഭം
പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ ഉൾപ്പെടാത്ത ഇ.പി.എഫ് സ്ഥാപനങ്ങളിൽ
മൂന്നുമാസത്തേക്ക് തൊഴിലുടമയുടെയും തൊഴിലാളിയുടെയും വിഹിതം 10 ശതമാനം വീതം (നിലവിൽ 12 ശതമാനം വീതം 24ശതമാനം)
കൊവിഡ് തളർത്തിയ സ്ഥാപനങ്ങൾക്ക് ബിസിനസ് ശക്തിപ്പെടുത്താനും വേതനം നൽകാനുമുള്ള പണത്തിനായി
6.5 ലക്ഷം സ്ഥാപനങ്ങൾക്ക് നേട്ടം
ആദായ നികുതി കുറച്ചു, തിയതി നീട്ടി
1. ആദായ നികുതി നിരക്ക് കുറച്ച് 50,000 കോടി
ടി.ഡി.എസ്, ടി.സി.എസ് നിരക്കിൽ 25 ശതമാനം കുറയ്‌ക്കും
കരാർ , പ്രൊഫഷണൽ ഫീസ്, പലിശ, വാടക, ഡിവിഡന്റ്, കമ്മിഷൻ, ബ്രോക്കർ ഫീസ് തുടങ്ങിവയ്‌ക്കുള്ള ആദായ നികുതിക്ക് ബാധകം
ഇന്നു മുതൽ 2021 മാർച്ച് 31വരെ ബാധകം