ന്യൂഡൽഹി∙ വ്യത്യസ്ത ഫോർമാറ്റുകൾക്ക് വ്യത്യസ്ത ക്യാപ്ടൻമാരെന്ന രീതി ഇന്ത്യൻ ക്രിക്കറ്റിൽ നടപ്പിലാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് മുൻ ഇംഗ്ലണ്ട് നായകനും കമന്റേറ്ററുമായ നാസർ ഹുസൈൻ. പ്രശസ്ത കമന്റേറ്ററായ ഹർഷ ഭോഗ്‍ലെയുമായി സംസാരിക്കുമ്പോഴാണ് വിരാട് കോലിയുടെ സ്വഭാവ സവിശേഷതകൾ നിമിത്തം ഇന്ത്യൻ ക്രിക്കറ്റിൽ ‘സ്‌പ്ലിറ്റ് ക്യാപ്ടൻസി’ യാഥാർഥ്യമാകാൻ സാദ്ധ്യതയില്ലെന്ന് ഹുസൈൻ അഭിപ്രായപ്പെട്ടത്. അതേസമയം ഒയിൻ മോർഗൻ, ജോ റൂട്ട് എന്നിവർ സമാന ചിന്താഗതിക്കാരും ശാന്ത സ്വഭാവക്കാരുമായതിനാലാണ് ഇംഗ്ലണ്ടിൽ ഈ രീതി വിജയിക്കുന്നതെന്നും ഹുസൈൻ ചൂണ്ടിക്കാട്ടി.അതേസമയം, ഓരോ ഫോർമാറ്റിനും ഓരോ പരിശീലകരെന്ന രീതി ക്രിക്കറ്റിൽ വരാൻ സാധ്യതയുണ്ടെന്നും നാസർ ഹുസൈൻ അഭിപ്രായപ്പെട്ടു.
നേരത്തെ, ഇന്ത്യയിൽ രണ്ട് ക്യാപ്റ്റൻമാരെന്ന രീതി പരീക്ഷിക്കുന്ന കാര്യം ചർച്ചകളിൽ വന്നെങ്കിലും ബി.സി.സി. ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ അതെല്ലാം തള്ളിക്കളഞ്ഞിരുന്നു.