രോഗശയ്യയിൽ നിന്ന് പൂർവാധികം കരുത്തോടെ തിരിച്ചെത്തി കർമ്മനിരതനായി മാറികഴിഞ്ഞിരിക്കുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആകസ്‌മികമായാണ് അസുഖം തിരിച്ചറിഞ്ഞതെങ്കിലും, പതറാതെ മനസിനെ പിടിച്ചു നിറുത്താനായതിനു പിന്നിലെ ഘടകങ്ങൾ എന്തെല്ലാമെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. കുടുംബവും പാർട്ടിയും സുഹൃത്തുക്കളും ഒരുപോലെ ധൈര്യം പകർന്ന് തനിക്കൊപ്പം നിൽക്കുകയായിരുന്നുവെന്ന് കോടിയേരി പറയുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി മനസു തുറന്നത്.
കോടിയേരി ബാലകൃഷ്‌ണന്റെ വാക്കുകൾ-
'അപ്രതീക്ഷിതമായിട്ടാണ് അസുഖം കണ്ടെത്തിയത്. അസുഖത്തിന്റെ ഏതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. രക്തം പരിശോധിച്ച സന്ദർഭത്തിലാണ് ഇങ്ങനെയൊരു ലക്ഷണമുണ്ടെന്ന് മനസിലായത്. തുടർപരിശോധനയിൽ കൺഫേം ചെയ്യുകയായിരുന്നു. വിദഗ്‌ദ്ധ ചികിത്സയുടെ ഭാഗമായാണ് അമേരിക്കയിലെ ഹൂസ്‌റ്റണിലേക്ക് പോയത്. ഓപ്പറേഷൻ ചെയ്‌തു. സമ്പൂർണമായി പോകുന്നതിന് കീമോ ചെയ്യണമെന്ന നിർദേശം വന്നു. അതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിന്നുതന്നെ മാസത്തിൽ മൂന്ന് പ്രാവശ്യം കീമോ ചെയ്യുന്നുണ്ട്. അടുത്തമാസം അത് പൂർണമാകും.
കുടുംബത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ തളർന്നു പോയേനെ. രോഗം അറിഞ്ഞതു മുതൽ തന്നെ ഭാര്യ ഒരു നിഴൽപോലെ കൂടെയുണ്ടായിരുന്നു. യു.എസിൽ പോയപ്പോൾ ആരെയും പ്രത്യേകിച്ച് അറിയിച്ചിരുന്നില്ല. പക്ഷേ അറിഞ്ഞ് ആളുകൾ വരാൻ തുടങ്ങി. മലയാളി നഴ്‌സുമാർ പ്രത്യേകിച്ച് എല്ലാ സഹായവും ചെയ്‌തു. അത് വളരെ വിലപ്പെട്ടതായിരുന്നു. ചില നഴ്‌സുമാർ വന്ന് ഞങ്ങളൊന്ന് പ്രാർത്ഥിച്ചോട്ടെ എന്നൊക്കെ ചോദിച്ചു. അങ്ങനെ ധാരാളം അനുഭവങ്ങൾ ആ ഘട്ടത്തിൽ ഉണ്ടായി'.
അഭിമുഖത്തിന്റെ പൂർണരൂപം-