തൃശൂർ : വാളയാർ അതിർത്തിയിൽ കുടുങ്ങിയ മലയാളികൾക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഒരുക്കണമെന്ന് ആവശ്യപ്പെട്ട തങ്ങൾക്കെതിരെ സംസ്ഥാന സർക്കാരും ഇടതു സൈബർ ട്രോളർമാരും വാസ്തവ വിരുദ്ധമായ പ്രചാരണം നടത്തുന്നുവെന്ന് എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എം.എൽ.എ എന്നിവർ ആരോപിച്ചു. ചെന്നൈയിൽ നിന്നുള്ള മലപ്പുറം സ്വദേശി വാളയാറിൽ എത്തിയത് ഒമ്പതിന് രാത്രി പത്തരയോടെയാണ്. അവിടെയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഒരുക്കി ഞങ്ങൾ വാളയാറിൽ നിന്ന് പതിനൊന്ന് മണിയോടെ തൃശൂരിൽ തിരിച്ചെത്തുകയും ചെയ്തു. ആരാണ് ക്വാറന്റൈനിൽ പോകണമെന്ന് നിശ്ചയിക്കുന്നത് ആരോഗ്യ പ്രവർത്തകരാണെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു.
കൊവിഡ് ബാധിതനെ കൂട്ടി സമരം:
ഗൂഢാലോചനയെന്ന്
തിരുവനന്തപുരം: അനുമതിയില്ലാതെ ചെന്നൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ കൊവിഡ് ബാധിതനെ കൂട്ടി വാളയാറിൽ സർക്കാർ വിരുദ്ധ സമര നാടകം സംഘടിപ്പിച്ച കോൺഗ്രസ് ജനപ്രതിനിധികളായ വി.കെ. ശ്രീകണ്ഠൻ, രമ്യാ ഹരിദാസ്, ടി.എൻ. പ്രതാപൻ, ഷാഫി പറമ്പിൽ, അനിൽ അക്കരെ എന്നിവരുടെ നടപടി രാഷ്ട്രീയ ഗൂഢാലോചനയെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ അഭിപ്രായപ്പെട്ടു. നിരുത്തരവാദപരമായി പ്രവർത്തിച്ച ജനപ്രതിനിധികൾക്കെതിരെ കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.