സർക്കാർ ഖജനാവിന് കാര്യമായ ബാദ്ധ്യത ഉണ്ടാവില്ല
കൊച്ചി: സർക്കാർ ഖജനാവിന് കാര്യമായ ബാദ്ധ്യതയേൽപ്പിക്കാത്തതും സന്തുലിതവുമായ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്‌റ്ര്‌മെന്റ് സ്‌ട്രാറ്റജിസ്‌റ്റ് ഡോ.വി.കെ. വിജയകുമാർ പറഞ്ഞു. പ്രഖ്യാപിച്ച മിക്ക പദ്ധതികൾക്കും വായ്‌പാ ജാമ്യം നിൽക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്.
11 കോടി തൊഴിലുകളും മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ 33 ശതമാനവും കയറ്രുമതിയുടെ 40 ശതമാനവും സംഭാവന ചെയ്യുന്ന എം.എസ്.എം.ഇകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സഹായിക്കുന്ന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. എം.എസ്.എം.ഇകൾക്ക് മൂന്നുലക്ഷം കോടി രൂപയുടെ വായ്‌പ, ഈടില്ലാതെയും 100 ശതമാനം സർക്കാർ ഗ്യാരന്റിയോടെയും നൽകുന്നു എന്നത് ശ്രദ്ധേയം.
എം.എസ്.എം.ഇകളുടെ നിർവചനം, ക്ളേശമനുഭവിക്കുന്ന എം.എസ്.എം.ഇകൾക്ക് പ്രത്യേക പദ്ധതികൾ, ഫണ്ടുകളുടെ ഫണ്ട് എന്നിവയെല്ലാം സഹായകമായ പദ്ധതികളാണ്. 200 കോടി രൂപവരെയുള്ള സർക്കാർ പദ്ധതികൾക്ക് ഗ്ളോബൽ ടെൻഡർ വേണ്ടെന്നുവച്ചത് എം.എസ്.എം.ഇകൾക്കിം മേക്ക് ഇൻ ഇന്ത്യ മിഷനും നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എം.ഇകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും പണം എത്തിക്കാനാണ് ധനമന്ത്രി ഊന്നൽ നൽകിയതെന്ന് സാമ്പത്തിക വിദഗ്ദ്ധ ദീപ്‌തി മേരി മാത്യു പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി ഏറ്റവും മോശമായി ബാധിച്ചവയാണ് എം.എസ്.എം.ഇകളും ബാങ്കിതര സ്ഥാപനങ്ങളും എന്നതിനാൽ ഈ പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ, പണലഭ്യത കൂട്ടാനുള്ള ഈ ഉത്തേജക പദ്ധതികളുടെ ഫലം കണ്ടറിയണം.