k-surendran

നരേന്ദ്ര മോദി സർക്കാരിനെ സ്യൂട്ട് ബൂട്ട് സർക്കാർ എന്നാക്ഷേപിക്കുന്നവർക്കുള്ള മറുപടിയാണ് ധനമന്ത്രി നിർമ്മലാ സീതാരമൻ ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് എന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വരും ദിവസങ്ങളിൽ ഇനിയും ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങൾ രാജ്യം പ്രതീക്ഷിക്കുന്നു. കോവിഡാനന്തരം ലോകത്ത് പിടിച്ചുനിൽക്കാൻ പോകുന്ന ഏക രാജ്യം ഭാരതമായിരിക്കുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ തുടർച്ചയായി നടത്താൻ പോകുന്ന പ്രഖ്യാപനങ്ങളിലെ ആദ്യത്തേതാണ് ഇന്ന് നടന്നതെന്നപോലും മനസ്സിലാക്കാതെയാണ് പല നേതാക്കളും മാധ്യമപ്രവർത്തകരും സംസാരിക്കുന്നത്. കേരളാ ധനമന്ത്രിയും അപവാദവ്യവസായ വിശാരദനുമായ തോമസ് ഐസക്കടക്കം നടത്തുന്ന വാചകമടികൾ ഇതിന് ഉദാഹരണം. ഇന്ന് പ്രധാനമായും തകർച്ച നേരിടുന്ന ചെറുകിട, കുടിൽ, ഗ്രാമീണ വ്യവസായമേഖല, തൊഴിലാളികൾ, സംരംഭകർ, കരാറുകാർ, ഭവന നിർമ്മാണം, റിയൽ എസ്റ്റേറ്റ്, നികുതിദായകരായ ഇടത്തരം ബിസിനസ്സുകാർ എന്നിവരെ ഉത്തേജിപ്പിക്കാനുള്ള പാക്കേജാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. സ്വാവലംബി ഭാരതം എന്നത് വെറും വാചകമടിയല്ല എന്ന് ഇടതു സാമ്പത്തിക വിശാരദന്മാരെ ഈ പ്രഖ്യാപനങ്ങൾ ഓർമ്മിപ്പിക്കുന്നു. ചെറുകിട സംരംഭകരെ സർക്കാരിന്റെ ടെൻഡറുകളിൽ പങ്കെടുപ്പിക്കാൻ സർക്കാർ തീരുമാനിക്കുന്നു. അതായത് ഇരുനൂറു കോടി രൂപ വരെയുള്ള എല്ലാ ടെൻഡറുകൾക്കും ഇനി മുതൽ ആഗോള ടെൻഡറില്ല. ചക്രശ്വാസം വലിക്കുന്ന ചെറുകിട വ്യവസായങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ അതും ഈടില്ലാതെ യും ഒരു വർഷം തിരിച്ചടവില്ലാതെയും. ദീർഘദൃഷ്ടിയുള്ള ഒരു സർക്കാരിനേ ഇത്തരം ഒരു തീരുമാനം എടുക്കാനാവൂ. തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് സർക്കാർ ഒടുക്കുന്നു കരാറുകാരുടെ ബാങ്ക് ഗ്യാരണ്ടി തിരിച്ചെടുക്കാൻ അനുവദിക്കുന്നു കരാർ കാലാവധി ആറുമാസത്തേക്ക് നീട്ടുന്നു ലക്ഷക്കണക്കിനാളുകളുടെ ടി. ഡി. എസ് ഒഴിവാക്കുന്നു ആദായനികുതി ഒടുക്കുന്നതിന് സമയം അനുവദിക്കുന്നു വൈദ്യുത നിർമ്മാണ യൂനിറ്റുകൾക്ക് വൻ തോതിലുള്ള സാമ്പത്തിക സഹായം ഭവനനിർമ്മാണമേഖലയിൽ നോൺ ബാങ്കിങ് സഥാപനങ്ങൾക്ക് ധനസഹായം, റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു സാമ്പത്തിക സഹായം തുടങ്ങി എത്രയെത്ര പദ്ധതികളാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇതെല്ലാം നമ്മുടെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തില്ലേ? കോർപ്പറേറ്റ് അനുകൂല സർക്കാർ സ്യൂട്ട് ബൂട്ട് സർക്കാർ എന്നാക്ഷേപിക്കുന്നവർക്കുള്ള ഒന്നാന്തരം മറുപടിയാണ് ഇന്നത്തെ പ്രഖ്യാപനങ്ങൾ. വരും ദിവസങ്ങളിൽ ഇനിയും ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങൾ രാജ്യം പ്രതീക്ഷിക്കുന്നു. കോവിഡാനന്തരം ലോകത്ത് പിടിച്ചുനിൽക്കാൻ പോകുന്ന ഏക രാജ്യം ഭാരതമായിരിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയടേത് തന്നെ. ചുവരെഴുത്തു വായിക്കാനാവാത്ത ഇടതും വലതും ചൊറിഞ്ഞ് ചൊറിഞ്ഞ് കഥാവശേഷമാവും'.