covid-death

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 78,055 ആയി ഉയർന്നു. രണ്ടായിരത്തി അഞ്ഞൂറോളം പേരാണ് ഇന്ത്യയിൽ രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം കാൽലക്ഷത്തോളം രോഗികളുണ്ട്. 1500ഓളം പേർക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 900 കടന്നു.


മുംബയിൽ മാത്രം 15,000ത്തോളം കൊവിഡ് ബാധിതരുണ്ട്. 1000ത്തോളം പേർക്കാണ് ധാരാവിൽ രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 9,000കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 പേരാണ് ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

തമിഴ്നാട്ടിലും ഒമ്പതിനായിരത്തോളം രോഗികളുണ്ട്. സംസ്ഥാനത്ത് ചെന്നൈയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 5,000ത്തിൽ കൂടുതലാളുകൾക്കാണ് ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചത്. അതിൽ 1800 കേസുകളും കൊയമ്പേട് മാർക്കറ്റുമയി ബന്ധപ്പെട്ടുള്ളതാണ്.

അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തോളമായി. രോഗ ബാധിതരുടെ എണ്ണം 44 ലക്ഷം പിന്നിട്ടു. റഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു.