ന്യൂഡൽഹി: കൊവിഡ് സ്വാഭാവിക വൈറസല്ലെന്നും, ലാബിൽ നിന്നും ഉണ്ടായതാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെക്കുറിച്ച് ഒരു ദേശീയമാദ്ധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'കൊവിഡ് ഒരു പ്രകൃതിദത്ത വൈറസല്ല. ഇത് ഒരു കൃത്രിമ വൈറസാണ്. ഇപ്പോൾ ലോകത്തെ പല രാജ്യങ്ങളും വാക്സിൻ വികസിപ്പിച്ചെടുക്കാനായി ഗവേഷണം നടത്തുന്നു. വാക്സിൻ ലഭ്യമല്ല, എത്രയും വേഗം വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, പിന്നെ ഒരു പ്രശ്നവുമില്ല, 'നിതിൻ ഗഡ്കരി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'രണ്ടാമത്തെ പ്രശ്നം വൈറസിനെ കണ്ടെത്തുന്ന രീതിശാസ്ത്രമാണ്. വൈറസ് പെട്ടെന്ന് തിരിച്ചറിയാൻ നമുക്ക് ചില നല്ല രീതിശാസ്ത്രം ആവശ്യമാണ്. ഇത് അപ്രതീക്ഷിതമാണ്, കാരണം ലബോറട്ടറിയിൽ നിന്നുള്ള ഒരു വൈറസാണ്. ഇത് പ്രകൃതി വൈറസ് അല്ല. അതിനാൽ ലോകം ഇപ്പോൾ തയ്യാറായിക്കഴിഞ്ഞു. ഇന്ത്യ ഇപ്പോൾ തയ്യാറാണ്, ശാസ്ത്രജ്ഞർ തയ്യാറാണ്. അതിനുള്ള പരിഹാരം കണ്ടെത്തിയ ശേഷം നമുക്ക് ആത്മവിശ്വാസം സൃഷ്ടിക്കാൻ കഴിയും. ഒരു വാക്സിൻ എടുത്തുകഴിഞ്ഞാൽ ഒരു പ്രശ്നവുമില്ല, 'ഇത് ഭയം ലഘൂകരിക്കും'- അദ്ദേഹം പറഞ്ഞു.