modi-a

ഡൽഹി: ഏറെ സമയം നീണ്ടുനിന്ന പ്രസംഗത്തിലൂടെ രാജ്യത്തെ നാലാംഘട്ട ലോക്ഡൗൺ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് ഈയാഴ്ചയാണ്. സ്വദേശി ഉൽപന്നങ്ങൾ കൂടുതൽ ഉപയോഗിക്കാനായിരുന്നു പ്രസംഗത്തിന്റെ ചുരുക്കരൂപം. എന്നാൽ ഈ പ്രസംഗത്തിൽ ബോളിവുഡിലെ താരങ്ങൾക്ക് അത്ര തൃപ്തി പോര. അവ‌ർ രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്.

ജോലി നഷ്ടപ്പെട്ട് പണമില്ലാതെ നാട്ടിലേക്ക് നടന്നുപോകേണ്ടിവന്ന കുടിയേറ്റ തൊഴിലാളികളുടെ രക്ഷക്കായി ഒന്നും പറയുന്നില്ലെന്ന് അവർ വിമർശിക്കുന്നു. 20 ലക്ഷം കോടിയുടെ പദ്ധതി ഇന്ത്യൻ വിപണിക്ക് കരുത്തേകുന്നത് തന്നെയാണെന്ന് കവിയും ചലച്ചിത്ര ഗാനരചയിതാവുമെല്ലാമായ ജാവേദ് അക്തർ പറയുന്നു. ' കുടിയേറ്റ തൊഴിലാളികളെ പ്രസംഗത്തിൽ പരാമർശിച്ചതുപോലുമില്ല.'

സംവിധായകനും എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമായ അനുരാഗ് കശ്യപും വിമർശനമുന്നയിക്കുന്നുണ്ട്. 'സാധാരണക്കാരന് അക്കൗണ്ടിൽ വരാത്ത 15 ലക്ഷം രൂപ ചേർത്ത് കഴിഞ്ഞ ആറ് വർഷം കൊണ്ട് തയ്യാറാക്കിയതാണ് ഈ പാക്കേജ്. ഇനി ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാതെ ആ പണമെല്ലാം ചേർത്ത് അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കുന്ന ദീർഘദർശിയാണ് പ്രധാനമന്ത്രി.' എന്ന് അനുരാഗ് കശ്യപ് പരിഹസിച്ചു.

നടി റിച്ച ഛദ്ദയും കമൽ ഹാസനും വിമർശനം ഉന്നയിച്ചു. എന്നാൽ നടൻ ഷാഹിദ് കപൂറും അനുപം ഖേറും പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പ്രകീർത്തിച്ചു. ലോകമാകെ പ്രധാനമന്ത്രിക്കായി ചെവിയോർത്തു എന്ന് അനുപം ഖേർ പറഞ്ഞു. ശക്തമായ പ്രസംഗം എന്നായിരുന്നു ഷാഹിദ് കപൂറിന്റെ പ്രശംസ. ഈ സമയം തന്നെ പ്രസംഗത്തിലൂടെയല്ലാതെ പ്രവൃത്തിയിലൂടെ കയ്യടി നേടുകയാണ് തെന്നിന്ത്യൻ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സോനു സൂദ്. ക‌ർണ്ണാടകയിലേക്ക് മടങ്ങേണ്ട 350 കുടിയേറ്റ തൊഴിലാളികൾക്ക് സോനു ബസ് ഏർപ്പെടുത്തി. യു.പി, ജാർഖണ്ഡ്, ബിഹാർ,ഒഡീഷ എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റ തൊഴിലാളികൾക്കും സോനു സൂദ് ബസ് ഏർപ്പാടാക്കി നൽകി.