മനേസർ: രാജ്യത്ത് ലോക്ക് ഡൗൺ ദീർഘിപ്പിച്ചതോടെ തങ്ങളുടെ ഓൺലൈൻ വാഹന ബുക്കിംഗ് വർദ്ധിപ്പിച്ചിരിക്കുകയാണ് പ്രധാന കമ്പനികളെല്ലാം. മാരുതി സുസുകി ഇത്തരത്തിൽ തങ്ങളുടെ ഓൺലൈനിലൂടെ 5000 കാറുകൾക്ക് ബുക്കിംഗ് ഏർപ്പെടുത്തി കഴിഞ്ഞതായി കമ്പനി ചെയർമാൻ ആർ.സി.ഭാർഗവ അറിയിച്ചു. ഈ മാസമാദ്യം വിൽപന ഭാഗികമായി പുനരാരംഭിച്ചതോടൊപ്പം ഓൺലൈൻ ബുക്കിംഗും കമ്പനി തുടങ്ങി. ഇതുവരെ 2300 വാഹനങ്ങൾ വിറ്റുപോയി കഴിഞ്ഞു. 1900 വർക് ഷോപ്പുകൾ പ്രവർത്തനം തുടങ്ങി.
രാജ്യത്ത് പല പ്രമുഖ നഗരങ്ങളും ഇപ്പോഴും റെഡ്, ഓറഞ്ച് സോണുകളിലായതിനാൽ കമ്പനിയുടെ വാഹന വിൽപന പൂർണ്ണ തോതിൽ ആയി വരുന്നതേയുള്ളു. ഗ്രീൻ സോണിലാണ് കൂടുതൽ വാഹനം വിപണിയിലെത്തിക്കാനായിട്ടുള്ളത്. ഇന്ത്യയിലാകെയുള്ള 2500 ഓളം വ്യാപാര കേന്ദ്രങ്ങളിൽ മൂന്നിലൊന്ന് സ്ഥലങ്ങൾ മാത്രമേ തുറക്കാനായിട്ടുള്ളൂ. അവ കൂടുതലും ഗ്രാമങ്ങളിലുമാണ്.
സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും വിൽപന. ഒരു സമയം ഷോറൂമിൽ ഒരു കസ്റ്റമർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. 2019-2020 സാമ്പത്തിക വർഷകാലയളവിൽ മാരുതിക്ക് 28.1 ശതമാനം ലാഭം കുറഞ്ഞു. 1291.70 കോടി ആണ് കമ്പനിയുടെ ലാഭം. 360428 കാറുകൾ വിറ്റുപോയി.