ramesh-chennithala

തിരുവനന്തപുരം: മദ്യ വിൽപന സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ളതിന്റെ ആദ്യപടിയാണ് ബാറുകൾ വഴി പാഴ്സൽ നൽകാനുള്ള തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബാറുടമകളുമായി സി.പി.എം നടത്തിയ ചർച്ചയുടെ ഫലമാണ് ബാറുകൾ വഴി പാഴ്സൽ നൽകാനുള്ള തീരുമാനം. പാർട്ടിക്ക് പണം ഉണ്ടാക്കാനുള്ള മാർഗമായാണ് സി.പി.എം ഇതിനെ കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കൊവിഡിന്റെ മറവിൽ ചില്ലറ മദ്യവിൽപന സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് നീക്കം. ഇത് പിൻവലിക്കണം. നിലവിൽ ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കണമെങ്കിൽ നാലു ലക്ഷം ലൈസൻസ് ഫീസ് അടയ്ക്കണം. എന്നാൽ ഇപ്പോഴത്തെ തീരുമാനം കൊണ്ട് ബാറുകാർക്ക് ലൈസൻസ് ഫീസ് അടക്കേണ്ടതില്ല. ഫോണിലും ഓൺലൈനിലും മദ്യം കിട്ടുന്ന സ്ഥിതിയായാൽ ആരുംതന്നെ ഔട്ട്‌ലെറ്റുകളിൽ വരില്ല. ഇത് ഔട്ട്‌ലെറ്റുകൾ പൂട്ടാൻ ഇടയാക്കും. ഇതിലൂടെ 12,​400 കോടിയുടെ വരുമാനമാണ് സർക്കാരിന് നഷ്ടമാവുക. ബാറുകളിലൂടെ സെക്കൻഡ്‌സ് മദ്യം ഒഴുകാനുള്ള സാദ്ധ്യതയും കൂടുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ മദ്യവിൽപനശാലകൾ തുറക്കാൻ അനുമതി നൽകിയതാണ്. എന്നാൽ സി.പി,​എം സെക്രട്ടറിയേറ്റ് ചേർന്ന് ഇപ്പോൾ തുറക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തു. നേരത്തെ ഇത്തരമൊരു തീരുമാനം അവർ എടുത്തിരുന്നില്ല. എന്നാൽ ഇതിനുവേണ്ടി സി.പി.എം യോഗം ചേർന്നു. ബാറുടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതിന് പിന്നിൽ നടക്കുന്നത് കൊള്ളയാണ്. ബാർ മുതലാളിമാരുടെ കൈയിൽ നിന്ന് പിരിവ് ആരംഭിച്ചതായും അദ്ദേഹം ആരോപിച്ചു.