 
കുരങ്ങുകളുടെ ഫോട്ടോകൾ എടുക്കുമ്പോഴുള്ള ത്രില്ലുകൊണ്ടല്ല, അവയെ സൗകര്യത്തിനു പകർത്താൻ കിട്ടുന്നതുകൊണ്ട് എടുക്കുന്നു എന്നേയുള്ളൂ. എല്ലാരംഗത്തും ആധുനികവത്ക്കരണവും പുരോഗമനവുമാണല്ലോ ഇപ്പോൾ. വളരെ നല്ല കാര്യം തന്നെ. നമ്മൾ ആഗ്രഹിക്കുന്നതും അതുതന്നെയാണല്ലോ! ആരും  പിന്നോട്ട് പോകാൻ ഇഷ്ടപ്പെടുന്നില്ല. കമ്പ്യൂട്ടർയുഗം വന്നതോടെ എല്ലാം ഓൺലൈനാണല്ലോ. പെട്ടെന്നുതന്നെ  ഇവയെല്ലാം  നിത്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറുകയും ചെയ്തു.
ഇങ്ങനെയുള്ള സമയത്താണ് രസകരമായ ഒരു ഓൺലൈൻ ചിത്രം എനിക്ക് കിട്ടിയത്. ഒരു അവധിദിവസം കാമറയുമായി ഇറങ്ങിയപ്പോൾ വഴിയിൽ ഒരു സംഘം കുരങ്ങുകളെ കണ്ടത്. എന്തെങ്കിലും പുതിയ പടങ്ങൾ  ഇവയിൽ നിന്നും കിട്ടാൻ ചാൻസുണ്ടോ എന്ന് ഒരു ശ്രമം നടത്തി. നിശബ്ദമായി ഒരിടത്ത് ഒതുങ്ങി നിന്ന് അവയെ നിരീക്ഷിക്കാൻ തുടങ്ങി. ഒട്ടും അടങ്ങിയിരിയ്ക്കാത്ത പ്രകൃതമാണല്ലോ ഇവരുടേത്. എല്ലാവരും തിരക്കിലായിരുന്നു. ചിലർ ചാപല്യങ്ങളും ചേഷ്ടകളുമായി ബഹളമുണ്ടാക്കി ഓടിനടന്നു കുസൃതികൾ കാട്ടുന്നു!
അപ്പോഴാണ് അൽപ്പം 'ഉയർന്ന നിലവാരത്തിൽ"ഒരാൾ വളരെ ഗഹനമായി എന്തോ വായിക്കുന്ന രീതിയിൽ സ്ളേറ്റുപോലെയുള്ള ഒരു സാധനവും കൈയിൽവച്ച്  അതിലേക്കു തന്നെ നോക്കി'ഓൺലൈനിലിരിക്കുന്നത് " കണ്ടത്. ഒരു ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിരിക്കുന്ന കേബിൾ ലൈനിൽ അനായാസമായി  ഇരുന്ന് ഏകാഗ്രതയോടെ അതിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന വളരെ അത്യപൂർവമായ ഒരു പോസായിരുന്നു അത് ! അങ്ങനെ കണ്ടതും ഞാൻ ക്ലിക്ക് ചെയ്തതും ഒപ്പമായിരുന്നു. അപ്പോഴേക്കും കൈയിലിരുന്ന സാധനവും കളഞ്ഞു അത് അടുത്ത പോസ്റ്റിലേക്ക് ചാടുകയും ചെയ്തു. പിടിച്ചിരുത്തി പറഞ്ഞു ചെയ്യിച്ചാൽപോലും ഇത്രയും തന്മയത്വത്തോടെ ഒരു ചിത്രം കിട്ടുകയില്ല. ഇനി  ഒരിക്കലും ഇത്തരം ഒരു ഫോട്ടോ എടുക്കാനും പറ്റില്ല. ഏറെ ജനപ്രീതി നേടിയതും ഹ്യൂമർ വിഭാഗത്തിൽ രണ്ട് സമ്മാനങ്ങൾ നേടിയതുമാണ് ഈ ചിത്രം.