ലണ്ടൻ: കൊവിഡ് മൂലം പല പുതിയ പരിവർത്തനങ്ങളും ലോകത്ത് നിലവിൽ വന്നുകഴിഞ്ഞു. എന്നാൽ, അതിനോടൊക്കെ പൊരുത്തപ്പെടാനും അവ മനസിലാക്കാനും കുഞ്ഞുമക്കൾക്ക് സാധിച്ചെന്ന് വരില്ല. അതിനൊരു പരിഹാരമെന്നോണം കൊവിഡ് ബോധവൽക്കരണ സന്ദേശവുമായി നിങ്ങൾക്ക് ലോകത്തെ രക്ഷിക്കാമോ (ക്യാൻ യു സേവ് ദ വേൾഡ്?) എന്ന പേരിൽ ഗെയിമുമായി എത്തിയിരിക്കുകയാണ് ഹെർട്ട്ഫോർഡ്ഷെയർ സർവകലാശായിലെ അദ്ധ്യാപകനും മാന്ത്രികനുമായ റിച്ചാർഡ് വൈസ്മാൻ.
എങ്ങനെ കളിയ്ക്കാം?
തിരക്കുള്ള ഒരു തെരുവിലൂടെ നിങ്ങൾ നടന്ന് നീങ്ങണം. എതിരെ വരുന്ന കാൽനടയാത്രക്കാരെയും സൈക്കിളിൽ സഞ്ചരിക്കുന്നവരേയും തുമ്മുന്നവരേയും സ്പർശിക്കാതെ നിശ്ചിത അകലത്തിൽ നിന്ന് കൊണ്ട് മാസ്കുക്കൾ ശേഖരിക്കണം. ഇതിലൂടെ കൊവിഡ് വ്യാപനം തടയാനും അവരുടെ ജീവൻ രക്ഷിക്കാനും സാധിക്കും. മാസ്കുകൾ ആരോഗ്യപ്രവർത്തകർക്ക് നൽകാം.
മാസ്ക് പോലെയുള്ള സുരക്ഷ ഉപകരണങ്ങളുടേയും, സാമൂഹിക അകലത്തിന്റേയും പ്രാധാന്യം ഇതിലൂടെ കുട്ടികളെ മനസിക്കാനാവും.
വൈറലാണ്
ഡിസൈനറായ മാർട്ടിൻ ജേക്കബുമായി ചേർന്ന് ഫെബ്രുവരിയിലാണ് റിച്ചാർഡ് ഗെയിം വികസിപ്പിച്ചെടുത്തത്. ഗെയിം ഇപ്പോൾ ബ്രിട്ടനിൽ വൈറലായിക്കഴിഞ്ഞു. കുട്ടികൾക്കൊപ്പം മുതിർന്നവരും ഇത് കളിക്കുന്നുണ്ട്. ഗെയിം ഇപ്പോൾ ഒരു ആപ്ലിക്കേഷനായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സൃഷ്ടാക്കൾ.
ആദ്യ കൊവിഡ് ഗെയിം
കൊവിഡുമായി ബന്ധപ്പെട്ട് വികസിപ്പിക്കുന്ന ആദ്യ ഗെയിമാണിതെന്ന് റിച്ചാർഡ് പറയുന്നു. കൊവിഡിന്റെ ഭീകരാവസ്ഥ ഇതിലൂടെ കുട്ടികൾക്ക് മനസിലാകും. അവർ സാമൂഹിക അകലം അടക്കമുള്ള നിയമാവലികൾ പാലിക്കുകയും ചെയ്യും - റിച്ചാർഡ് കൂട്ടിച്ചേർത്തു.