ന്യൂഡൽഹി: ദേശീയ വികാരം ശക്തമാകുന്ന പശ്ചാത്തലത്തിൽ പ്രൊഫഷണലുകളായ യുവാക്കൾ ഉൾപ്പെടെയുള്ള സിവിലിയന്മാരെ കരസേനയിൽ മൂന്നു വർഷത്തെ ഹ്രസ്വകാല സർവീസിൽ റിക്രൂട്ട് ചെയ്യാനുള്ള ചരിത്ര പദ്ധതി സൈന്യം പരിഗണിക്കുന്നു. വിവിധ രംഗങ്ങളിൽ ജോലി ചെയ്യുന്നവരെ ഉൾപ്പെടെ ഓഫീസർ റാങ്കിലും ജവാന്മാരായും മൂന്നു വർഷത്തേക്ക് റിക്രൂട്ട് ചെയ്യുകയാണ് ലക്ഷ്യം. ഇവരെ പരിശീലനത്തിനുശേഷം അതിർത്തിയിലും മുന്നണിയിലും ഉൾപ്പെടെ വിന്യസിക്കും.
ടൂർ ഒഫ് ഡ്യൂട്ടി (ടി.ഒ.ഡി) എന്ന പേരിലുള്ള പദ്ധതി ഉന്നത കമാൻഡർമാരുടെ പരിഗണനയിലാണ്. തുടക്കത്തിൽ 100 ഓഫീസർമാരെയും 1000 ജവാന്മാരെയും റിക്രൂട്ട് ചെയ്യാനാണ് നിർദ്ദേശം.
സിവിലിയന്മാർക്കു പുറമേ അർദ്ധസൈനിക വിഭാഗത്തിൽ നിന്നും കേന്ദ്ര പൊലീസ് സേനയിൽ നിന്നും ഏഴു വർഷത്തേക്കുവരെ കരസേനയിലേക്കു ഡെപ്യൂട്ടേഷൻ നിയമനവും പരിഗണിക്കുന്നതായി സേനാ വക്താവ് കേണൽ അമൻ ആനന്ദ് അറിയിച്ചു. നിശ്ചിത കാലാവധിക്കുശേഷം ഇവർക്കു മാതൃസർവീസുകളിലേക്ക് തിരിച്ചുപോകാം.
സേനയ്‌ക്ക് സാമ്പത്തികമായി വൻ ലാഭം ഉണ്ടാക്കുന്ന പദ്ധതിയാണിത്. ഗ്രാറ്റുവിറ്റി, പെൻഷൻ, ലീവ് സറണ്ടർ, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ ചെലവുകൾ ഒഴിവാകും.
ദേശസ്‌നേഹം വളരും,
ആത്മവിശ്വാസം കൂടും
യുവാക്കളിൽ കൂടുതൽ ദേശസ്‌നേഹം വളർത്താനും സൈനിക ജീവിതം പരിചയപ്പെടുത്താനുമാണ് ഹ്രസ്വകാല റിക്രൂട്ട്‌മെന്റ്. പ്രായം, ശാരീരികക്ഷമത തുടങ്ങിയ റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാവില്ല. ജോലിയിലും ഇളവുകൾ ഉണ്ടാവില്ല. സൈനിക പരിശീലനം ലഭിക്കുന്ന യുവാക്കൾക്ക് ആത്മവിശ്വാസവും ഉത്തരവാദിത്വ ബോധവും വർദ്ധിക്കും. ഇവർക്ക് പിന്നീട് സർക്കാർ, കോർപ്പറേറ്റ് മേഖലകളിൽ പെട്ടെന്ന് ജോലികിട്ടാനും സൈനിക സേവനം ഉപകരിക്കും
ഇൻഫോഗ്രാഫിക്സ്.................
1000പേരെ നിയമിച്ചാൽ
ലാഭം 11,000 കോടി
1000 ജവാന്മാരെ മൂന്നു വർഷത്തേക്ക് റിക്രൂട്ട് ചെയ്‌താൽ 11,000 കോടി രൂപ ലാഭിക്കാമെന്നും ആ തുക സേനയുടെ ആധുനികവത്കരണത്തിന് വിനിയോഗിക്കാമെന്നുമാണ് കണക്കാക്കുന്നത്.
ഷോർട്ട് സർവീസ് കമ്മിഷനിൽ നിലവിൽ 10 വർഷത്തേക്കാണ് നിയമനം. ഇത് 14 വരെ നീട്ടാം
ഒരു ഓഫീസർ 10 വർഷത്തിനകം വിരമിച്ചാൽ പരിശീലനം, ശമ്പളം തുടങ്ങിയ ചെലവ് 5.12 കോടി രൂപ
14 വർഷത്തിനു ശേഷം വിരമിച്ചാൽ ചെലവ് 6.83 കോടി രൂപ
മൂന്നു വർഷത്തിനു ശേഷം വിരമിച്ചാൽ ഇത് 80-85 ലക്ഷത്തിൽ ഒതുങ്ങും
ഷോർട്ട് സർവീസിലെ 50 - 60 ശതമാനം പേർക്കും പെർമനന്റ് കമ്മിഷൻ നൽകും
അവരെ 54 വയസുവരെ നിലനിറുത്താൻ പിന്നെയും ഭീമമായ ചെലവുണ്ടാകും.