us-senator
US SENATOR

വാഷിംഗ്ടൺ: കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായ വിവരം നൽകിയില്ലെങ്കിൽ ചൈനയെ ഉപരോധിക്കണമെന്നാവശ്യപ്പെട്ട് ഒൻപത് യു.എസ് സെനറ്റർമാർ ലിൻഡ്‍സെ ഗ്രഹാമിന്റെ നേതൃത്വത്തിൽ സെനറ്റിൽ ബില്ല് അവതരിപ്പിച്ചു. വ്യക്തമായ വിവരം നിശ്ചിത സമയത്ത് നൽകിയില്ലെങ്കിൽ ചൈനയ്‍ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകണമെന്നാവശ്യപ്പെട്ടാണ് സെനറ്റർമാർ ബില്ല് അവതരിപ്പിച്ചത്.

അമേരിക്കയോ ലോകാരോഗ്യ സംഘടനയോ നേതൃത്വം നൽകുന്ന അന്വേഷണ സംഘത്തിന് 60 ദിവസത്തിനകം ചൈന പൂർണ വിവരങ്ങൾ കൈമാറിയതായി പ്രസിഡന്റ് കോൺഗ്രസിനെ അറിയിക്കണമെന്ന് ബില്ലിൽ പറയുന്നു. ചൈന സഹകരിച്ചില്ലെങ്കിൽ ആസ്‍തി മരവിപ്പിക്കാനും യാത്രാവിലക്ക് ഏർപ്പെടുത്താനും പ്രസിഡന്റിന് അധികാരം നൽകണം.

ചൈനയിലെ വുഹാനിലുള്ള ലാബിൽ നിന്നോ മാർക്കറ്റിൽ നിന്നോ ആണ് വൈറസ് ഉത്ഭവിച്ചതെന്നത് ഉറപ്പാണ്. എന്നാൽ അത് പരിശോധിക്കാൻ ചൈന അനുവദിക്കുന്നില്ല. ഇനിയും വിവരങ്ങൾ നൽകിയില്ലെങ്കിൽ ചൈനയ്‍ക്കെതിരെ നടപടി അത്യാവശ്യമാണ് - സെനറ്റർമാർ പറഞ്ഞു.

കൊവിഡിന് കാരണക്കാർ ചൈനയാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടം.