എറണാകുളം: കൊവിഡ് ലോക്ക് ഡൗണിൽ മദ്യശാലകൾ അടഞ്ഞുകിടക്കുന്നത് അവസരമാക്കി, പെട്ടെന്ന് പണമുണ്ടാക്കാൻ വ്യാജവാറ്റ് തുടങ്ങിയ പ്രിന്റിംഗ് സ്ഥാപന ഉടമ എക്സൈസ് പിടിയിലായി. നോർത്ത് പറവൂർ സ്വദേശി ബിജു.കെ.എസ്(51) ആണ് പിടിയിലായത്. ഇയാളുടെ ആഡംബരവീട്ടിൽ നിന്ന് പത്ത് ലിറ്റർ ചാരായവും 1700 ലിറ്റർ കോടയും എക്സൈസ് പിടികൂടി. മദ്ധ്യമേഖലാ ജോയിന്റ് എക്സൈസ് കമ്മിഷണർ സുരേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
വിവാഹകാർഡുകളും മറ്റും പ്രിന്റ് ചെയ്ത് നൽകുന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്ന ബിജു ലോക്ക് ഡൗണിൽ വിവാഹങ്ങൾമാറ്റിവയ്ക്കുകയും പ്രിന്റിംഗ് സ്ഥാപനം അടച്ചിടേണ്ടിവരികയും ചെയ്തപ്പോഴാണ് വീട് കേന്ദ്രീകരിച്ച് വാറ്റ് തുടങ്ങിയത്. വീടിന്റെ ഒരുകോണിൽ കോട കലക്കി സൂക്ഷിക്കാനും വാറ്റാനുമുള്ള സൗകര്യങ്ങൾ സജ്ജമാക്കിയ ബിജു വാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് പിടിയിലായത്. വൻതോതിൽ ചാരായം വാറ്റി 20 ലിറ്റർ വീതം കന്നാസുകളിലാക്കി കച്ചവടക്കാർക്ക് കൈമാറുന്നതായിരുന്നു രീതി.
പതിവില്ലാതെ ഇവിടെ നിന്ന് നിരന്തരം വാഹനങ്ങൾ വന്നുപോകുന്നതിൽ സംശയം തോന്നിയ ചിലർ എക്സൈസിന് വിവരം കൈമാറിയതിനെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്. വാറ്റാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയതിനും ചാരായം വിറ്റഴിക്കുന്നതിനും ഇയാൾക്ക് പുറത്ത് നിന്നുള്ളവരുടെ സഹായംലഭിച്ചിട്ടുള്ളതായി എക്സൈസിന് സൂചനയുണ്ട്. പ്ളസ് ടു അദ്ധ്യാപികയായ ഭാര്യയ്ക്കും ഇതേപ്പറ്റി അറിവുണ്ടായിരുന്നതായി സംശയിക്കുന്നു. ബിജുവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.