തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ രോഗമുക്തി നേടി. കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത്-അഞ്ച്, പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്ന് പേര്‍ക്കും, കണ്ണൂരില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, പാലക്കാട് കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏഴ് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 11 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് നെഗറ്റീവ് ആയവരിൽ രണ്ടുപേർ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാൾ കണ്ണൂരിൽനിന്നുള്ളയാളുമാണ്.
14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ. ചെന്നൈ 2, മുംബയ് 4, ബംഗളൂരു 1 എന്നിവിടങ്ങിൽ നിന്നു വന്നവരാണ് മറ്റുള്ളവർ. 11 പേർക്ക് സംമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. കാസർകോട് രോഗം സ്ഥിരീകരിച്ച രണ്ട് പേർ ആരോഗ്യപ്രവർത്തകരാണ്. 36,910 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 36,266 പേർ വീടുകളിലും 568 പേർ ആശുപത്രിയിലുമാണുള്ളത്. കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 560 പേർക്കാണ്. ഇതിൽ 64 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു.
വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. വാക്സിന്റെ അഭാവത്തിൽ എച്ച്ഐവിയെപ്പോലെ തന്നെ ലോകത്ത് നിലനിൽക്കുമെന്നും പറയുന്നു. മാസ്ക്കും സാമൂഹിക അകലംപാലിക്കലും ജീവിത ശെെലി ആക്കണം. ഉയർന്ന നിരക്ക് വിപത്തിന്റെ സൂചനയാണ്. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിക്കുക. ഇതിന് വ്യക്തികളും കുടുംബങ്ങളും സ്വയമേ തയ്യാറാകണം.
അതിർത്തികളിലും ചെക്പോസ്റ്റുകളിലും എത്തുന്നവർക്കു ദിനചര്യകൾ നടത്താൻ 125 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിർത്തികളിൽ പണം വാങ്ങി ആളെ കടത്തുന്നതായി ശ്രദ്ധയിൽ പെട്ടു. ഇത്തരം പ്രവണതകൾ സൃഷ്ടിക്കുന്ന അപകടമാണ് കഴിഞ്ഞ ദിവസം വാളയാറിൽ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹിയിൽനിന്നു വിവിധ സംസ്ഥാനങ്ങളിലേക്കു ട്രെയിൻ ഓടിക്കുന്നുണ്ട്. കേരളത്തിലേക്കുള്ള ട്രെയിൻ വിവിധ ഇടങ്ങളിൽ നിർത്തിയിട്ടാണ് എത്തുന്നത്. ഇത് രോഗവ്യാപനം തടയാൻ കേരളം എടുക്കുന്ന നടപടികളെ നിഷ്ക്രിയമാക്കും. ഇത് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.