കൊല്ലം: കൊവിഡ് 19 പുനരധിവാസ കേന്ദ്രത്തിൽ നിന്ന് മൂന്നുപേരെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. തിരുവനന്തപുരം കോരണി കരിക്കാട്ടുവിളയിൽ രാമചന്ദ്രൻ (71), സീതാറാം, തങ്കപ്പൻ എന്നിവരെയാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. കൊല്ലം ഗവ. ബോയ്സ് ഹൈസ്കൂളിലെ കൊവിഡ് പുനരധിവാസ കേന്ദ്രത്തിലായിരുന്നു മൂവരും. തെരുവിൽ അലഞ്ഞിരുന്ന ഇവരെ കൊവിഡ് മുൻകരുതൽ എന്ന നിലയിലാണ് പുനരധിവാസ കേന്ദ്രത്തിൽ സംരക്ഷിച്ചത്. എന്നാൽ കേന്ദ്രം പ്രവർത്തനം നിറുത്തിയതോടെ സംരക്ഷകരില്ലാതെ വന്ന മൂന്ന് പേരെയും മെഡിക്കൽ സൂപ്പർവൈസർ എസ്. സുരേഷ് കുമാറിന്റെ നിർദ്ദേശാനുസരണം ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു. ഇവരെപ്പറ്റി കൂടുതൽ അറിയാവുന്നവർ 9605052000 എന്ന നമ്പരിൽ ബന്ധപ്പെടണം.