bundes-liga

ബെർലിൻ: കൊവിഡ് മഹാമാരി നൽകിയ താത്കാലിക മരവിപ്പിൽ നിന്ന് ജർമ്മൻ ഫുട്ബാൾ നാളെ ഉണരുകയാണ്. രണ്ടുമാസത്തോളമായി നിറുത്തിവച്ചിരിക്കുന്ന രാജ്യത്തെ ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗായ ബുണ്ടസ് ലീഗയിൽ മത്സരങ്ങൾ നാളെയാണ് പുനരാരംഭിക്കുന്നത്. കൊവിഡിന്റെ കലിതാണ്ഡവത്തിൽ നിന്ന് ഉയിർത്തെണീക്കുന്ന യൂറോപ്പിലെ ടോപ്പ് 5 ഫുട്ബാൾ ലീഗുകളിൽ ആദ്യത്തേതാണ് ബുണ്ടസ് ലിഗ.

കനത്ത സുരക്ഷാനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ബുണ്ടസ് ലീഗ വീണ്ടും തുടങ്ങാൻ സർക്കാർ അനുമതി നൽകിയത്.ഗാലറിയിൽ കാണികളെ പ്രവേശിപ്പിക്കില്ല. എല്ലാ ടീമുകളുടെയും കളിക്കാരെയും സ്റ്റാഫുകളെയും കൊവിഡ് ടെസ്റ്റിംഗിന് വിധേയമാക്കിയതിന് ശേഷം ക്വാറന്റൈനിൽ താമസിപ്പിച്ചിരുന്നു. രാജ്യത്ത് ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരുന്നതിൽ ഫുട്ബാളിന്റെ വരവിന് വലി​യ പ്രാധാന്യമുണ്ടെന്ന് കണ്ടെത്തി​യാണ് സർക്കാർ ബുണ്ടസ് ലി​ഗ തുടങ്ങാൻ അനുമതി​ നൽകി​യത്.

300 പേർ മാത്രം

സ്റ്റേഡി​യത്തി​ൽ കാണി​കൾക്ക് പ്രവേശനമുണ്ടാകില്ല. കളി​ക്കാരും ഒഫി​ഷ്യൽസും മാദ്ധ്യമപ്രവർത്തകരും അടക്കം 300 പേർ മാത്രമേ സ്റ്റേഡി​യത്തി​ൽ ഉണ്ടാകൂ.

ബുണ്ടസ് ലിഗ നാളെ പുനരാരംഭിക്കുമ്പോൾ

സ്റ്റേഡി​യത്തി​നെ മൂന്ന് ഭാഗങ്ങളായി​ തി​രി​ച്ചി​ട്ടുണ്ട്.ഒാരോ സോണി​ലും പരമാവധി​ 100 പേർ മാത്രം.

ഒന്നാം സോണി​ൽ ഗ്രൗണ്ടും ഡ്രെസിംഗ് റൂമും ഇതി​നി​ടയി​ലെ ഇടനാഴി​യും ഉൾപ്പെടുന്നു. ഇവി​ടെ കളി​ക്കാരും ഒഫി​ഷ്യൽസും മാത്രം.

രണ്ടാം സോൺ​ ഗാലറി​യി​ലാണ്. ഒഴി​ഞ്ഞ ഗാലറി​യി​ൽ മീഡി​യാബോക്സ് മാത്രം പ്രവർത്തി​ക്കും.

മൂന്നാം സോൺ​ സ്റ്റേഡി​യത്തി​ന് പുറത്താണ്. ഇവി​ടെ സുരക്ഷാ ഭടന്മാരുടെ പ്രവർത്തനമേഖലയാണ്.

എല്ലാ ടീമുകളും ഒരു മെഡി​ക്കൽ ഹൈജീൻ ഒാഫീസറെ നി​യമി​ച്ചി​ട്ടുണ്ട്.

നാല് ബാൾ ബോയ്സി​നെ മാത്രമേ ഒരു മത്സരത്തി​ൽ ഉപയോഗി​ക്കാനാകൂ. ഇവർ 16 വയസി​ന് മുകളി​ലുള്ളവരായി​രി​ക്കണം.

ടീമുകളെ ഗ്രൗണ്ടി​ലേക്ക് കൂട്ടി​ക്കൊണ്ടുവരാൻ കുട്ടി​കളുണ്ടാവി​ല്ല. മത്സരത്തി​ന് മുമ്പ് ഹസ്തദാനവും ടീം ഫോട്ടോയെടുപ്പും ഉണ്ടാവി​ല്ല.

മത്സരശേഷമുള്ള പത്രസമ്മേളനം ഒാൺ​ലൈനി​ലൂടെ.

കളി​ക്കാരും റഫറി​മാരും ഒഴി​കെയുള്ളവ‌ർ കളി​ സമയത്തും മാസ്ക് ധരി​ച്ചി​രി​ക്കണം. പരി​ശീലകരും സബ്സ്റ്റി​റ്റ്യൂട്ടുകളും സോഷ്യൽ സി​സ്റ്റൻസ് പാലി​ച്ചേ ഇരി​ക്കാവൂ.

ടീമുകളും ഒഫി​ഷ്യൽസും അവർക്ക് ആവശ്യമായ ഭക്ഷണം കൊണ്ടുവരണം.

ഉറ്റു നോക്കി ലോകം

ബുണ്ടസ് ലിഗയുടെ തിരിച്ചുവരവ് ലോകം മുഴുവൻ, യൂറോപ്പ് പ്രത്യേകിച്ചും ഉറ്റുനോക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ദക്ഷിണകൊറിയയിൽ ലീഗ് ഫുട്ബാൾ പുനരാരംഭിച്ചിരുന്നു. എന്നാൽ അതിലേറെ പ്രാധാന്യമുണ്ട് ബുണ്ടസ് ലീഗയ്ക്ക്. കൊവിഡ് രോഗം മാരകമായി ആക്രമിച്ച രാജ്യങ്ങളിൽ ഒന്നാണ് ജർമ്മനി. ഒന്നേമുക്കാൽ ലക്ഷത്തോളം പേർ രോഗബാധിതരായി. ഏഴായിരത്തിലധികം പേർ മരണപ്പെട്ടു. ദീർഘനാളായി ലോക്ക്ഡൗണിലായിരുന്നു. സാധാരണ ജീവിതത്തിലേക്ക് തിരികെവരുന്നതേയുള്ളൂ.

ജർമ്മനിയിൽ ഫുട്ബാൾ വിജയകരമായി പുനരാരംഭിച്ചാൽ ഇനി കളി തുടങ്ങാനിരിക്കുന്ന സ്പെയ്ൻ, ഇംഗ്ളണ്ട്, ഇറ്റലി എന്നിവടങ്ങളിലെ ഫുട്ബാൾ ആരാധകർക്കും സർക്കാരുകൾക്കും ആവേശമാകും. ചാമ്പ്യൻസ് ലീഗ് ഉൾപ്പടെയുള്ള മത്സരങ്ങൾ നടത്താൻ യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനും ആത്മ വിശ്വാസമാകും.

6 മത്സരങ്ങൾ ആദ്യ ദിനം

തിരിച്ചുവരവിന്റെ ആദ്യ ദിനത്തിൽ ആറ് മത്സരങ്ങളാണ് ബുണ്ടസ് ലിഗയിലുള്ളത്. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് ഇതിൽ അഞ്ച് മത്സരങ്ങൾ. ബൊറൂഷ്യ ഡോർട്ട്മുണ്ട്, ഷാൽക്കെ,ഹെർത്ത ബെർലിൻ തുടങ്ങിയ മുൻ നിര ക്ളബുകൾ നാളെ കളിക്കാനിറങ്ങുന്നുണ്ട്.

ഫിക്സ്ചർ

ഒാസ്ബർഗ് Vs വോൾവ്സ് ബർഗ്

ബൊറൂഷ്യ ഡോർട്ട്മുണ്ട് Vs ഷാൽക്കെ

ഫോർച്യുന ഡസൽഡ്രോഫ് Vs പാഡർബോൺ

ഹോഫൻഹേയ്ം Vs ഹെർത്ത ബെർലിൻ

ലെയ്പ്സിംഗ് Vs ഫ്രേയ്ബർഗ്

( ഇന്ത്യൻ സമയം രാത്രി എഴുമണിമുതൽ)

എയ്ൻട്രാക്റ്റ് Vs മോഷെംഗ്ളാബാഷ്

( ഇന്ത്യൻ സമയം രാത്രി പത്തുമണിമുതൽ)

സ്റ്റാർ സ്പോർട്സിൽ ലൈവ്

ഇന്ത്യയിലെ ബുണ്ടസ് ലിഗ സംപ്രേഷണാവകാശം സ്റ്റാർ സ്പോർട്സിനാണ്. സ്റ്റാർ സ്പോർട്സിന്റെ വിവിധ ചാനലുകളിലായി മത്സരങ്ങൾ കാണാം.

കൊവിഡിന് മുമ്പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെ രാജ്യങ്ങളിൽ ബുണ്ടസ് ലീഗ ടി.വി സംപ്രേഷണം ഉണ്ടായിരിക്കും.