kerala

തിരുവനന്തപുരം: കൊവിഡ് എക്കാലവും തുടരാനാണ് സാദ്ധ്യതയെന്നും രോഗത്തിന്റെ സാഹചര്യത്തിൽ ജീവിതശൈലി മാറ്റേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്.

കൊവിഡിനെതിരെ കരുതലോടെ ജീവിക്കാൻ നാം പഠിക്കണം. മാസ്കുകളും സാമൂഹിക അകലം പാലിക്കുന്നതും ജീവിതശൈലിയാക്കണം. അദ്ദേഹം പറഞ്ഞു.യാത്രകളും കൂടിച്ചേരലുകളും അത്യാവശ്യത്തിനു മാത്രം ആക്കണം. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അതേസമയം, ആഗസ്ത് മാസത്തിൽ അതിവർഷത്തിനുള്ള സാദ്ധ്യതയുണ്ടെന്നും അതിനല്ല തയ്യാറെടുപ്പിന്റെ ഭാഗമായി നദികളിലെയും തോടുകളിലെയും എക്കൽ രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടുക്കി ഉൾപ്പെടെയുള്ള വലിയ അണക്കെട്ടുകൾ തുറക്കേണ്ട ആവശ്യമില്ല. വെള്ളപ്പൊക്കം ഉണ്ടാവുകയാണെങ്കിൽ എല്ലാവരെയും ഒരുമിച്ച് പാർപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളപൊക്കം ഉണ്ടാവുകയാണെങ്കിൽ മാറ്റിപാർപ്പിക്കാൻ 27, 000 കെട്ടിടങ്ങൾ കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് 26 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർ രോഗമുക്തി നേടി.

കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത്-അഞ്ച്, പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്ന് പേര്‍ക്കും, കണ്ണൂരില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, പാലക്കാട് കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏഴ് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 11 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് നെഗറ്റീവ് ആയവരിൽ രണ്ടുപേർ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാൾ കണ്ണൂരിൽനിന്നുള്ളയാളുമാണ്.