ന്യൂഡൽഹി: സാമ്പത്തിക ഉത്തേജന പാക്കേജിനോടനുബന്ധിച്ച് രാജ്യത്ത് പുതിയ ലേബർ കോഡ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മിനിമം വേതനത്തിന്റെ കാര്യത്തിൽ പ്രാദേശിക അസമത്വം കുറയ്‌ക്കുന്നതിന്റെ ഭാഗമായി നാഷണൽ ഫ്‌ളോർ വേജ് എന്ന ആശയം സർക്കാർ മുന്നോട്ടുവെക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി. തൽഫലമായി രാജ്യത്ത് എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കും. നിലവിൽ 30 ശതമാനം തൊഴിലാളികൾക്ക് മാത്രമാണ് മിനിമം വേതനം ലഭിക്കുന്നത്. പുതിയ നയത്തോടു കൂടി അസംഘടിത മേഖലയിലുൾപ്പെടെയുള്ള എല്ലാ തൊഴിലാളികളും മിനിമം വേതനത്തിന്റെ പരിധിയിൽ വരും.

പുതിയ ലേബർ കോഡുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങൾ-

1. നിലവിലെ മിനിമം വേതനതുക 182ൽ നിന്ന് 202 ആയി ഉയർത്തി.

2. എല്ലാ തൊഴിലാളികൾക്കും നിയമന ഉത്തരവ് നൽകണം.

3. തൊഴിലാളികൾക്ക് എല്ലാവർഷവും ആരോഗ്യ പരിശോധന നടത്തണം.

4. അഞ്ച് വർഷം നിശ്ചിത കാലത്തേക്ക് ജോലിചെയ്യുന്നവർക്കാണ് ഗ്രാറ്റുവിറ്റി നൽകേണ്ടതെന്നത് ഇനി ഒരുവർഷത്തേക്ക് കരാർ ജോലി ചെയ്യുന്നവർക്കും

ബാധകമാക്കി.

5. അപകടകരമായ മേഖലകളിൽ തൊഴിലെടുക്കുന്ന കുറഞ്ഞത് 10 തൊഴിലാളികളെങ്കിലുമുള്ള സ്ഥാപനങ്ങൾ ജോലിയെടുക്കുന്നവർക്കുള്ള സുരക്ഷയും

ആരോഗ്യവും ഉറപ്പുവരുത്തണം.

6. അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നിർവചിക്കുന്നതിൽ മാറ്റം വരുത്തി. നിർവചനത്തിൽ തൊഴിലുമ നേരിട്ട് ജോലി നൽകുന്നവരും,

കരാറുകാരാൻ മുഖേനെ ജോലി ചെയ്യുന്നവരും ഉൾപ്പെടും.

7. എല്ലാ തൊഴിൽ മേഖലയും സ്ത്രീകൾക്കും തുറന്നുകൊടുക്കണം. സുരക്ഷ ഉറപ്പുവരുത്തി രാത്രിയിലും ജോലി ചെയ്യാൻ അവരെ അനുവദിക്കണം.

8. 10 പേരിൽ താഴെയുള്ള തൊഴിലാളികൾ ഉള്ള സ്ഥാപനമാണെങ്കിലും അപകടകരമായ സാഹചര്യത്തിൽ തൊഴിലെടുക്കുന്നവരാണെങ്കിൽ അവരെയും

എ.എസ്.ഐ.സിയുടെ പരിധിയിൽ ഉൾപ്പെടുത്തണം.

അന്യ സംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പു വരുത്തുന്നതിൽ സംസ്ഥാനങ്ങളും കോന്ദ്ര ഭരണ പ്രദേശങ്ങളും ശ്രദ്ധചെലുത്തണമെന്ന് ധനമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ തൊഴിൽ ഉറപ്പ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ട് മാസങ്ങളിലായി രാജ്യത്ത് 14.62 കോടി പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞതായും, ഇതിനായി പതിനായിരം കോടി രൂപ സർക്കാർ ചെലവഴിച്ചതായും നിർമ്മല സീതാരാമൻ വ്യക്തമാക്കി.