തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരെ രൂക്ഷ വിമർശനം തൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വി.മുരളീധരന് എന്തോ പ്രശ്നമുണ്ടെന്നും കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന പല കാര്യങ്ങളെ കുറിച്ചും അദ്ദേഹം അറിയുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള 24 വിമാനങ്ങൾ കേന്ദ്ര സർക്കാർ അയക്കാൻ തയ്യാറാണെന്നും അത് സംസ്ഥാനം ആവശ്യപ്പെടുന്നില്ലെന്നുമുള്ള വി.മുരളീധരന്റെ പ്രസ്താവനയെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.
ഇത്തരം കാര്യങ്ങളെ കുറിച്ച് കേന്ദ്ര സർക്കാരുമായി അദ്ദേഹം തന്നെ ചർച്ച ചെയ്യുന്നതാണ് നല്ലതെന്നും കേന്ദ്രം നിശ്ചയിക്കുന്ന നിലപാടിൽ നിന്നും വ്യത്യസ്തമായാണ് അദ്ദേഹം കാര്യങ്ങളെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടി അദ്ദേഹം ചിലത് പറയുകയാണെങ്കിൽ ആയിക്കോട്ടെ എന്നും മുഖ്യമന്ത്രി പരിഹാസരൂപേണ വ്യക്തമാക്കി.
വിമാനങ്ങൾ കേരളത്തിൽ എത്തുന്നതിന്റെ വിവരങ്ങൾ അറിയാൻ ബാദ്ധ്യതപ്പെട്ടയാളാണ് കേന്ദ്രമന്ത്രിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 'അദ്ദേഹത്തിന് അത് അറിയില്ലേ, വിമാനങ്ങളുടെ ഷെഡ്യൂൾ നിശ്ചയിക്കുന്നത് സംസ്ഥാനം പറഞ്ഞിട്ടാണോ' എന്നും അദ്ദേഹം ചോദിച്ചു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരു അതിര് വേണമെന്നും എന്തും വിളിച്ചുപറയരുതെന്നും മുഖ്യമന്ത്രി വിമർശിച്ചു.